യഥാർത്ഥത്തിൽ ജവഹർലാൽ നെഹ്റു മഹാത്മാഗാന്ധിയുടെ ശിഷ്യനായിരുന്നോ? അല്ലായിരുന്നു എന്നതാണ് വസ്തുത.


ജവഹർലാൽ നെഹ്റു മഹാത്മാഗാന്ധിയുടെ ശിഷ്യൻ അല്ലായിരുന്നു എന്നതാണ് വസ്തുത. മറിച്ചുള്ള പ്രചാരണം വ്യാജ ചരിത്ര നിർമ്മിതിയാണ്. മഹാത്മാഗാന്ധി വിശ്വസിച്ചിരുന്നത് സത്യത്തിലും അഹിംസയിലുമായിരുന്നു. ഗാന്ധിജിക്ക് രാമായണത്തിലും ഭഗവത്ഗീതയിലും ഗാഢമായ വിശ്വാസം ഉണ്ടായിരുന്നു. ഭഗവത്ഗീതയാണ് തന്റെ മാർഗ്ഗദർശക ഗ്രന്ഥമെന്ന് പലവട്ടം സംശയാതീതമായി ഗാന്ധി വെളിവാക്കിയിട്ടുണ്ട്. താൻ ഒരു സനാതന ഹിന്ദുവാണെന്നും തന്റെ ഹിന്ദു മതത്തിൽ ലോകത്തിലെ എല്ലാ മതങ്ങൾക്കും ഇടമുണ്ടെന്നും ഗാന്ധി പറഞ്ഞിരുന്നു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടാനുള്ള  ശക്തമായ ആയുധമാണ്  ചർക്ക എന്നും ഗാന്ധിജി വിശദമാക്കിയിരുന്നു.

എന്നാൽ, നെഹ്റു വിശ്വസിച്ചിരുന്നത് യൂറോ സെൻട്രിസത്തിലായിരുന്നു. അദ്ദേഹം അതുകൊണ്ടുതന്നെ താൻ ഒരു മതരഹിതനാണെന്നും അവകാശപ്പെട്ടിരുന്നു. സോവിയറ്റ് സോഷ്യലിസത്തിന്റെ ആരാധകനായിരുന്ന നെഹ്റുവിന് സ്വാഭാവികമായും ഗാന്ധിയുടെ ചർക്കയിൽ അധിഷ്ഠിതമായ സാമ്പത്തിക ശാസ്ത്രത്തിലും  വിശ്വാസമുണ്ടായിരുന്നില്ല.

അടിമുടി ഭാരതീയൻ ആയിരുന്ന ഗാന്ധിജി യൂറോ സെൻട്രിസത്തെ രൂക്ഷമായി വിമർശിച്ചിരുന്നു. യൂറോ സെൻട്രിസം ലോകത്തെ നാശത്തിലെത്തിക്കും എന്നും ഗാന്ധിജി വിശ്വസിച്ചിരുന്നു. അക്കാര്യം 'ഹിന്ദ് സ്വരാജ്' എന്ന ഗ്രന്ഥത്തിൽ ഗാന്ധിജി വിശദീകരിക്കുകയും ചെയ്തു. ഹിംസയിലൂടെ നേടുന്ന സോഷ്യലിസം  ഗുണത്തേക്കാൾ ദോഷം ചെയ്യുമെന്നും ഗാന്ധിജി വിശ്വസിച്ചിരുന്നു. മതമില്ലാത്ത രാഷ്ട്രീയം മാരകമാണെന്ന് പറഞ്ഞ ഗാന്ധിജി താൻ കണ്ടെത്തിയ ഏഴു പാപങ്ങളിൽ ഒന്നാണതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

യൂറോ സെൻട്രിസത്തിന്റെ ആരാധകനായ നെഹ്റുവും  യൂറോ സെൻട്രിസത്തെ നിരാകരിക്കുന്ന ഗാന്ധിയും രണ്ടു വഴികളിലാണ് സഞ്ചരിച്ചിരുന്നത്. മതരഹിതനായ നെഹ്റുവും സനാതന ഹിന്ദുവായ ഗാന്ധിയും തമ്മിൽ ഒത്തുതീർപ്പുണ്ടായിരുന്നില്ല. സത്യവും അഹിംസയും പരമപ്രധാനം എന്നു കരുതിയ ഗാന്ധിയും ആയുധ സമരത്തിലൂടെ സോഷ്യലിസം നേടണമെന്ന് പറഞ്ഞ നെഹ്റുവും തമ്മിലുള്ള ഭിന്നത  പ്രകടമായിരുന്നു.

ഇക്കാര്യം അവർക്ക് രണ്ടുപേർക്കും അറിയാമായിരുന്നു. "കലർപ്പില്ലാത്ത അഹിംസയിൽ താങ്കൾ ഇപ്പോഴും വിശ്വസിക്കുന്നുണ്ട് എന്ന് തനിക്കറിയില്ല" 4/1/1928 ൽ എഴുതിയ കത്തിൽ ഗാന്ധിജി നെഹ്റുവിനെ അറിയിച്ചു. "താൻ മതരഹിതനാണെന്നും തനിക്ക് ഖാദിയിൽ വിശ്വാസമില്ലെന്നും" നെഹ്റു 11/1/1928 ൽ എഴുതിയ കത്തിൽ ഗാന്ധിയെ അറിയിക്കുകയും ചെയ്തു. "നമ്മൾ തമ്മിലുള്ള അഭിപ്രായ അനൈക്യം തീവ്രമാണെന്നും രമ്യതയിൽ എത്താനുള്ള  ഒരു സാധ്യതയും താൻ കാണുന്നില്ല" എന്ന് 17/1/1928 ൽ നെഹ്റുവിന് എഴുതിയ കത്തിൽ ഗാന്ധിജിയും വെളിവാക്കി. തുടർന്നാണ് സത്യസന്ധനായ സുഹൃത്തിനെയും ധീരനായ സുഹൃത്തിനെയും തനിക്ക് നഷ്ടപ്പെട്ടതായി ഗാന്ധിജി വിലപിച്ചതും.

വസ്തുതകൾ ഇതായിരിക്കെ, നെഹ്റുവിനെ ഗാന്ധിമാർഗ്ഗിയും ഗാന്ധിജിയുടെ അനന്തരാവകാശിയുമായി വിശേഷിപ്പിക്കുന്നത് കടന്നകയ്യായി പോയി എന്നു പറയാതിരിക്കാനാകില്ല. ഗാന്ധിയിൽ തരിമ്പും വിശ്വാസമില്ലാതെ ഗാന്ധിജിയെ സമഗ്രമായി ഉപയോഗിച്ച മഹാന്മാരിൽ ഒന്നാമൻ നെഹ്റു ആണെന്നതും സംശയമില്ലാത്ത കാര്യമാണ്.

- കെ.എസ്.രാധാകൃഷ്ണൻ

Post a Comment (0)
Previous Post Next Post