വിനു വിവാഹിതനായി; വിനു വിവാഹിതനായാല്‍ ഞങ്ങള്‍ക്കെന്താ?


നിങ്ങള്‍ക്കൊന്നുമില്ല, പക്ഷേ ശവം വാരി എന്ന് നിങ്ങള്‍ വിളിച്ച് കളിയാക്കിയവനാണ് വിനു. അതുമൂലം അവന് ആരും പെണ്ണു കൊടുത്തില്ല. ഒടുവില്‍ ഒരു പെണ്‍കുട്ടി വിവാഹം കഴിച്ചെങ്കിലും ശവം എടുക്കുന്നവനോട് വെറുപ്പായി. കളഞ്ഞിട്ട് പോയി.

ആശകള്‍ കൊഴിഞ്ഞ വിനു പക്ഷേ തളര്‍ന്നില്ല. തന്റെ കര്‍മ പഥത്തില്‍ ശ്രദ്ധിച്ച്, അനാഥ മൃതദേഹങ്ങള്‍ക്ക് ഉടയോനായി നിന്ന് അവരുടെ സംസ്‌ക്കാരം നടത്തിയും, ചിന്നിച്ചിതറിയ മൃതദേഹങ്ങള്‍ പായില്‍ പൊതിഞ്ഞ് ബന്ധുക്കള്‍ക്ക് നല്‍കിയും അവന്‍ മുന്നോട്ട് പോയി. ഒടുവില്‍ വിനുവിന്റെ കണ്ണീരണിയിക്കുന്ന കഥ എന്റെ ക്യാമറാ കണ്ണുകളിലൂടെ പുറം ലോകമറിഞ്ഞു.

ശവം വാരിയെന്ന് വിളിക്കുകയും, പൊതു വേദിയില്‍ നിന്നും അവനെ മാറ്റി നിര്‍ത്തിയ നോവുന്ന ഓര്‍മ്മകളും എന്നോട് പങ്കുവച്ചു. എന്നും ചേര്‍ത്തു പിടിച്ച നല്ലവരായ കുറച്ചു പോലീസുകാരെ പറ്റിയും മൃതദേഹം മറവ് ചെയ്ത വകയില്‍ ആലുവ നഗരസഭ ഇനിയും കൊടുക്കാത്ത ലക്ഷം രൂപയെപറ്റിയും 25 മിനിട്ടോളം നീണ്ട അഭിമുഖം കഴിഞ്ഞപ്പോള്‍ എന്റെ മനസ്സിന് വല്ലാത്ത നീറ്റലായിരുന്നു.

ഏറ്റെടുക്കാന്‍ അവകാശികളില്ലാത്ത അനാഥ ജഡങ്ങള്‍ സ്വന്തം കൈകളില്‍ കോരിയെടുത്തു വാടക ആംബുലന്‍സില്‍ കയറ്റി മോര്‍ച്ചറിയിലും ശ്മശാനത്തിലും എത്തിക്കുകയും കൂടപ്പിറപ്പിനെപ്പോലെ നിന്ന് അന്ത്യകര്‍മങ്ങള്‍ നടത്തി സംസ്‌കരിക്കുകയും ചെയ്യുന്ന വിനുവിന്റെ കഥ അങ്ങനെ മറുനാടന്‍ മലയാളിയിലൂടെ മലയാളികള്‍ അറിഞ്ഞു.  

മറുനാടനിലൂടെ വിനുവിന്റെ ജീവിതം അറിഞ്ഞ കനേഡിയന്‍ മലയാളി അനന്തലക്ഷ്മി നായര്‍ വിനുവിനു സമ്മാനിച്ചതു 3 ആംബുലന്‍സുകളാണ്. രണ്ടെണ്ണം കരയിലും ഒന്നു വെള്ളത്തിലും ഓടിക്കാം. അപകടസ്ഥലങ്ങളില്‍ പെട്ടെന്ന് എത്തിച്ചേരാന്‍ സഹായകമായ ഓമ്നി ആംബുലന്‍സ്, ഫ്രീസറും ഓക്സിജന്‍ സംവിധാനവുമുള്ള ട്രാവലര്‍ ആംബുലന്‍സ്, പുഴയിലും കായലിലും കടലിലും സഞ്ചരിക്കാവുന്ന ആറര എച്ച്പി മോട്ടര്‍ ഘടിപ്പിച്ച വാട്ടര്‍ ആംബുലന്‍സ് എന്നിവയാണു ലഭിച്ചത്.

മൃതദേഹം കേടു കൂടാതെ വയ്ക്കാനുള്ള മൊബൈല്‍ ഫ്രീസറും ജനറേറ്ററും ഇവ സൂക്ഷിക്കാനുള്ള മുറിയും സൗജന്യമായി നല്‍കി. 46 വര്‍ഷമായി കാനഡയില്‍ ജീവിക്കുന്ന, അറുപത്തെട്ടുകാരിയായ റിട്ട. ഉദ്യോഗസ്ഥ എന്നല്ലാതെ  ഈ വ്യക്തിയെ കുറിച്ചു കൂടുതലൊന്നും വിനുവിന് അറിയില്ല. കൊടുത്ത വാര്‍ത്തയ്ക്ക് ഇംപാക്ടുണ്ടായതില്‍ സന്തോഷം ഉണ്ടായെങ്കിലും ശവം വാരിയെന്ന വിളിപ്പേരും, ഭാര്യ അതിന്റെ പേരില്‍ ഉപേക്ഷിച്ചു പോയി എന്നതും എന്റെ മനസ്സില്‍ നീറിക്കൊണ്ടിരുന്നു.

നാലുമാസം പിന്നിട്ടപ്പോള്‍ വിനു എന്നെ വിളിച്ചു. ചേട്ടാ എന്റെ കല്യാണം കഴിഞ്ഞു. ഭാര്യയുടെ പേര് വിന്‍സി എന്നാണ്. ആശുപത്രിയില്‍ തന്നെ താല്‍ക്കാലിക ജോലി ചെയ്യുന്നു. മറുനാടന്റെ വാര്‍ത്ത കണ്ട് എന്റെ കഥ അറിഞ്ഞ്‌ എന്നോട് പ്രണയം തുറന്നു പറയുകയായിരുന്നു എന്ന് വിനു പറഞ്ഞു.

സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞപ്പോഴും വിനുവിനെ സ്‌നേഹിക്കുന്ന, സഹായം ചെയ്ത എന്റെ പ്രിയപ്പെട്ട പ്രേക്ഷകര്‍കൂടി ഇക്കാര്യം അറിയണമെന്ന് വിനുവിനോട് പറഞ്ഞു. അപ്പോള്‍ തന്നെ പോയി കണ്ടു സംസാരിച്ചു, സ്‌റ്റോറി എടുത്തു. വിനുവിന്റെ ജോലിയെ അംഗീകരിക്കുന്ന നല്ല മനസ്സുള്ള ഒരു പെണ്‍കുട്ടി.

വിനു എന്നോട് പറഞ്ഞ ഒരു വാക്ക് എന്റെ ഹൃദയത്തെ വല്ലാതെ സ്പര്‍ശ്ശിച്ചു. 'എനിക്ക് ഇനി തിരിച്ചു പറയാം എനിക്കും നിങ്ങളെ പോലെ സ്വപ്നം കാണാന്‍ കഴിയും'. അതെ വിനു നീയാണ് ഹീറോ, അവള്‍ ഹീറോയിനും. രണ്ടുപേര്‍ക്കും വിവാഹ മംഗളാശംസകള്‍.

- ആർ. പീയൂഷ്

Post a Comment (0)
Previous Post Next Post