ദ്രൗപദി മുർമുവിനോട് അയിത്തം: പോസ്റ്റർ ഒട്ടിക്കാനും, തല്ലുകൊള്ളാനും ജയിലിൽ കിടക്കാനുമേ ഇവർക്ക് ദളിതരെ ആവശ്യമുള്ളൂ; ഇടതു- വലതുകളുടെ കപട ദളിത് സ്നേഹം.


രാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥി ദ്രൗപദി മുർമു മികച്ച വിജയം നേടുമെന്നിരിക്കെ രാഷ്‌ട്രീയ കേരളത്തിൽ മറ്റൊരു ചർച്ച സജീവമാകുകയാണ്. കേരളത്തിലെ പുരോഗമനവാദികളെന്ന് വീമ്പിളക്കുന്ന കമ്മ്യൂണിസ്റ്റുകളും, കോൺഗ്രസും പാവങ്ങളുടെ പാർട്ടി എന്നവകാശപ്പെടുന്നുണ്ടെങ്കിലും അവരുടെ യഥാർത്ഥ മുഖം പുറത്തുവരുന്നതായി കാണാൻ സാധിക്കുന്നതാണ് ഈ തിരഞ്ഞെടുപ്പ്. എൻഡിഎയുടെ സ്ഥാനാർത്ഥിയായ ദ്രൗപദി മുർമു വനവാസി ഗോത്ര വിഭാഗത്തിലെ അംഗമാണ്. ആദ്യമായി ഒരു ഗോത്ര വനിത രാജ്യത്തിന്റെ പ്രഥമ പൗരയെന്ന പദവിയിലേക്ക് നടന്നടുക്കുമ്പോൾ പതിവ് വായ്‌ത്താരികളിലൂടെ അവരെ അപമാനിക്കുന്ന കോൺഗ്രസിന്റെയും, കമ്മ്യൂണിസ്റ്റുകളുടെയും നിലപാടാണ്.

ആദിവാസി വിഭാഗങ്ങൾക്കും പിന്നാക്കക്കാർക്കും വേണ്ടി നിരവധി സമരങ്ങൾ ഏറ്റെടുത്ത് നടത്തിയെന്ന് ഊറ്റം കൊളളുന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് ഒരു ദളിത് വനിതയെ രാഷ്‌ട്രപതി സ്ഥാനത്തേക്ക് പിന്തുണയ്‌ക്കാനായില്ലെങ്കിൽ അവരുടെ അടിസ്ഥാന ആശയങ്ങളുടെ നിലനിൽപ്പ് തന്നെയാണ് ചോദ്യം ചെയ്യപ്പെടുന്നത്. പ്രീണനത്തിലൂടെ മുസ്ലിം വിഭാഗത്തെ കൂടെ നിർത്താൻ പാടുപെടുന്ന പിണറായി വിജയൻ സർക്കാർ യഥാർത്ഥത്തിൽ ചെയ്യുന്നത് ന്യൂനപക്ഷ പ്രീണനം നടപ്പിലാക്കുകയും, പിന്നാക്ക വിഭാഗങ്ങളെ അവഗണിക്കലുമാണ്.

ഒരു വനവാസി ഗോത്രവിഭാഗത്തിൽപ്പെട്ട വനിതയെ പിന്തുണയ്‌ക്കേണ്ട പുരോഗമന വാദികൾ യഥാർത്ഥത്തിൽ അവരെ വഞ്ചിക്കുകയായിരുന്നു. കേരളത്തിലെ ഇടത് ബുദ്ധിജീവി വർഗ്ഗവും ഇക്കാര്യത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. അവരുടെ കപട ദളിത് മുഖമാണ് ഇതിലൂടെ വ്യക്തമാകുന്നത്. കേരളത്തിൽ ദളിത് പ്രേമം നടിച്ച് അവരുടെ സംരക്ഷകരാണെന്ന് പറഞ്ഞു നടക്കുന്ന കമ്മ്യൂണിസ്റ്റുകാരുടെ പൂർണ്ണ പിന്തുണയും യശ്വന്ത് സിൻഹക്കായിരുന്നു.

ബിജെപിയോട് രാഷ്‌ട്രീയ ഭിന്നതയുളള ഒന്നിലധികം പാർട്ടികൾ ഈ തീരുമാനത്തെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചപ്പോഴാണ് കോൺഗ്രസിന്റെയും, കമ്മ്യൂണിസ്റ്റുകളുടെയും ഈ മുഖം തിരിക്കൽ. വനവാസി വിഭാഗത്തിൽപ്പെട്ട അഭിമന്യുവിന്റെ രക്തസാക്ഷി ദിനത്തിൽ എകെജി സെന്റർ സന്ദർശിച്ച എസ്ഡിപിഐ നേതാക്കളോട് എന്ത് സമീപനമാണ് സിപിഎം കൈക്കൊണ്ടതെന്ന് നമ്മൾ കണ്ടതാണ്. ബാലുശ്ശേരിയിൽ എസ്ഡിപിഐ, ഡിവൈഎഫ്‌ഐ , മുസ്ലിംലീഗ് ഗുണ്ടകൾ ചേർന്ന് ജിഷ്ണു എന്ന ഒരു ദളിത് യുവാവിനെ പരസ്യ വിചാരണ നടത്തി തല്ലി അവശനാക്കിയിട്ട് യാതൊരു പ്രതികരണവും ഉണ്ടായില്ല എന്നതും നാം കണ്ടതാണ്.

അടുത്തിടെ മൂവാറ്റുപുഴയിൽ മണ്ണു മാഫിയകളുടെ അക്രമത്തിനിരയായ ഒരു ദളിത് പെൺകുട്ടിയെയും കുടുംബത്തെയും ഭീഷണിപ്പെടുത്തിയതും, ജീവിക്കാൻ സമ്മതിക്കില്ല എന്ന് പറഞ്ഞതും ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെയുള്ള കമ്മ്യൂണിസ്റ്റുകാരായിരുന്നു. തിരഞ്ഞെടുപ്പ് സമയത്ത് വോട്ടിനും, പോസ്റ്റർ ഒട്ടിക്കാനും, തല്ലുകൊള്ളാനും ജയിലിൽ കിടക്കാനുമേ ഇവർക്ക് ദളിതരെ ആവശ്യമുള്ളു. സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർന്നുവരുന്ന പിന്നാക്ക വിഭാഗക്കാരെ അടിച്ചമർത്തുകയാണ് യഥാർത്ഥത്തിൽ ഇവരെല്ലാം ചെയ്യുന്നത്. എല്ലാ കാലത്തും കമ്മ്യൂണിസ്റ്റുകാർ ഇതൊക്കെ തന്നെയാണ് ചെയ്തിരുന്നതെന്ന് ചരിത്രം പരിശോധിച്ചാൽ മനസ്സിലാകും. സിപിഎം പോളിറ്റ് ബ്യൂറോയിൽ ആദ്യമായി ദളിതന് ഇടം കൊടുത്തത് പോലും അടുത്ത കാലത്താണ് എന്നത് അവരുടെ ദളിത് സമീപനത്തിന്റെ ഏറ്റവും വലിയ ഉദാഹരണമായി ജനങ്ങൾക്ക് മുൻപിലുണ്ട്.

Post a Comment (0)
Previous Post Next Post