അടിപതറാതെ ദേശീയതയിൽ ഉറച്ചു പോരാടിയ പൊതുജീവിതം.


ഗോത്രവിഭാഗത്തിൽ നിന്നുള്ള ആദ്യ രാഷ്‌ട്രപതിയാകാൻ ഒരുങ്ങുന്ന മുർമ്മുവിന്റെ വ്യക്തി ജീവിതത്തിലെ ചില സംഭവ വികാസങ്ങളെ കുറിച്ചറിയാം..

മുർമ്മുവിന്റെ കുടുംബ ജീവിതം..

വ്യക്തിപരമായി നിരവധി ദുരന്തങ്ങളെ അതിജീവിച്ച വ്യക്തിയാണ് ദ്രൗപദി മുർമ്മു. 2009നും 2014നും ഇടയിൽ ഭർത്താവിനെയും രണ്ട് മക്കളെയും അമ്മയെയും സഹോദരനെയും അവർക്ക് നഷ്ടപ്പെട്ടിരുന്നു. 2009ലായിരുന്നു ആൺമക്കളിലൊരാൾ ദുരൂഹ സാഹര്യത്തിൽ മരിക്കുന്നത്. അന്ന് പുറത്തുവന്ന മാദ്ധ്യമ റിപ്പോർട്ടുകൾ പ്രകാരം ലക്ഷ്മൺ മുർമു 25-ാം വയസിലാണ് മരിക്കുന്നത്. കിടപ്പുമുറിയിൽ അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 2014ൽ മുർമ്മുവിന്റെ ഭർത്താവ് ശ്യാം ചരം മുർമ്മു ഹൃദയാഘാതം മൂലം മരിക്കുകയും ചെയ്തു. 2012ൽ നടന്ന റോഡപകടത്തിൽ മുർമ്മുവിന് തന്റെ രണ്ടാമത്തെ പുത്രനെയും നഷ്ടപ്പെട്ടു.

മുർമ്മുവിന്റെ മകളാണ് ഇതിശ്രീ മുർമ്മു. ഇവർ ബാങ്ക് ജീവനക്കാരിയാണ്. റഗ്ബി പ്ലേയറായ ഗണേഷ് ഹേംബ്രാമിനെയാണ് ഇവർ വിവാഹം കഴിച്ചിരിക്കുന്നത്. രാഷ്‌ട്രീയ ജീവിതം ആരംഭിക്കുന്നതിന് മുമ്പ് ദ്രൗപദി മുർമ്മു അദ്ധ്യാപികയായിരുന്നു. ഒഡിഷയിലെ റായ്‌റംഗ്പൂരിലുള്ള ശ്രീ ഔറോബിന്ദോ ഇന്റഗ്രൽ എജുക്കേഷൻ ആൻഡ് റിസർച്ച് സെന്ററിലായിരുന്നു മുർമ്മു ടീച്ചറായി പ്രവർത്തിച്ചിരുന്നത്.

ഒരു സ്ത്രീയ്‌ക്ക് എന്തുമാകാൻ കഴിയുമെന്ന് തെളിയിച്ചവളാണ് ദ്രൗപദി മുർമ്മുവെന്ന് അവരുടെ പിതൃസഹോദരി സരസ്വതി മുർമ്മു പറയുന്നു. പഠിക്കാൻ അവളെന്നും മിടുക്കിയായിരുന്നു. സ്ത്രീകൾ ആരേക്കാളും താഴെയല്ലെന്നും എന്തും നേടിയെടുക്കാൻ സ്ത്രീകൾക്കും കഴിയുമെന്ന് അവൾ തെളിയിച്ചുവെന്നും സരസ്വതി മുർമ്മു പ്രതികരിച്ചു. വ്യക്തി ജീവിതത്തിൽ ദുരന്തങ്ങൾ വേട്ടയാടിയപ്പോഴും അൽപം പോലും അടിപതറാതെ ദേശീയതയിൽ ഉറച്ചു നിന്ന് പോരാടിയ സ്ത്രീയാണ് ദ്രൗപദി മുർമ്മു. രാജ്യത്തിന്റെ രാഷ്‌ട്രപതി സ്ഥാനത്തേക്ക് നടന്നടുക്കുന്ന ദ്രൗപദിയുടെ മുന്നേറ്റം ഓരോ ഇന്ത്യക്കാരനും പ്രചോദനമാണ്.

Post a Comment (0)
Previous Post Next Post