കെ ഫോണിന് "ഇന്റെർനെറ്റ് സർവ്വീസ് പ്രൊവൈഡർ" ലൈസൻസ് അനുവദിച്ച് കേന്ദ്രസർക്കാർ.


ഇന്റർനെറ്റ് പദ്ധതിയായ കെ ഫോണിന് ഐ.എസ്.പി (ഇന്റെർനെറ്റ് സർവ്വീസ് പ്രൊവൈഡർ)​ ലൈസൻസ് അനുവദിച്ചു,​ കേന്ദ്ര ടെലികോം മന്ത്രാലയമാണ് ലൈസൻസ് അനുവദിച്ച് ഉത്തരവിറക്കിയത്. കേരള ഫൈബർ ഒപ്റ്റിക് നെറ്റ് വർക്ക് ലിമിറ്റഡിന് ഔദ്യോഗികമായി ഇന്റർനെറ്റ് സേവനങ്ങൾ നൽകാനുള്ള ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർ കാറ്റഗറി ബി യൂണിഫൈഡ് ലൈസൻസ് നൽകിക്കൊണ്ടാണ് കേന്ദ്ര ടെലി കമ്മ്യൂണിക്കേഷൻസ് വകുപ്പ് ഉത്തരവിറക്കിയത്. ഇതോടെ സ്വന്തമായി ഐ.എസ്.പി ലൈസൻസും ഇന്റർനെറ്റ് പദ്ധതിയുമുള്ള സംസ്ഥാനമായി കേരളം മാറി.

കെ-ഫോൺ പദ്ധതിക്ക് ലഭിച്ചിരിക്കുന്ന ലൈസൻസ് ഒരു സർവീസ് മേഖലാപരിധിക്കകത്ത് ഇന്റർനെറ്റ് സൗകര്യങ്ങൾ നൽകാനുള്ള പ്രവർത്തന അനുമതിയാണ്. കേരള സർവീസ് മേഖലാ പരിധിക്കകത്ത് ഇന്റർനെറ്റ് സേവനസൗകര്യങ്ങൾ നൽകാൻ കെ-ഫോണിന് ഇനി സാധിക്കും. ഇതിന്റെ ആദ്യപടിയെന്നോണം കെ-ഫോണിന് അടിസ്ഥാന സൗകര്യ സേവനങ്ങൾ നൽകുന്നതിനാവശ്യമായ ഇൻഫ്രാസ്ട്രക്ചർ പ്രൊവൈഡർ കാറ്റഗറി 1 ലൈസൻസ് കഴിഞ്ഞയാഴ്ച കേന്ദ്രം അനുവദിച്ചിരുന്നു.

സൗജന്യമായും കുറഞ്ഞ നിരക്കിലും എല്ലാവർക്കും ഇന്റർനെറ്റ് എന്ന പ്രഖ്യാപിത നയവുമായാണ് സംസ്ഥാന സർക്കാർ കെ ഫോൺ പദ്ധതി മുന്നോട്ട് വയ്ക്കുന്നത്. സാങ്കേതിക സഹായം മാത്രം നൽകുന്ന സംവിധാനമെന്നായിരുന്നു കെ ഫോണിന്റെ കാര്യത്തിലെ ആദ്യത്തെ തീരുമാനം. എന്നാൽ പിന്നീട് സംസ്ഥാന സർക്കാർ നിലപാട് മാറ്റി. ഇന്റർനെറ്റ് ഡാറ്റാ പ്രൊവൈഡർ ലൈസൻസിന് കൂടി കെ ഫോൺ അപേക്ഷ നൽകി. ഡാറ്റാ നൽകുന്നതിന് ബി എസ് എൻ എല്ലിന്റെയും എൻഡ് ടു എൻഡ് കണക്ഷന് കേരളാ വിഷന്റേയും ടെന്റർ സ്വീകരിച്ച് മുന്നോട്ട് പോകാനാണ് കെ ഫോണിന്റെ തീരുമാനമെന്ന് കെ ഫോൺ അധികൃതർ സ്ഥിരീകരിക്കുന്നു. കെ-ഫോണിനെ ഔദ്യോഗിക ഇന്റർനെറ്റ് സേവനദാതാവായി കേന്ദ്രസർക്കാർ അംഗീകരിച്ചത് അഭിമാനർഹമായ നേട്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

Post a Comment (0)
Previous Post Next Post