ഇന്ത്യൻ നാവിക സേനയ്‌ക്കായി റോമിയോ എംഎച്ച് 60ആർ മൾട്ടി റോൾ ഹെലികോപ്റ്ററുകൾ എത്തി. കരാർ പ്രകാരം ഇന്ത്യ വാങ്ങിയ യുഎസ് നിർമ്മിത മൾട്ടി-റോൾ ഹെലികോപ്റ്ററുകളിൽ രണ്ടെണ്ണമാണ് ഇന്ന് കൊച്ചിയിലെത്തിയത്. കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്നും ഇന്ത്യൻ നാവികസേന ഹെലികോപ്റ്ററുകൾ സ്വീകരിച്ചു. മൂന്നാമത്തെ ഹെലികോപ്റ്റർ ഓഗസ്റ്റ് 22നാണ് ഇന്ത്യയിലെത്തുക. ആകെ 24 എംഎച്ച് 60ആർ മൾട്ടി-റോൾ ഹെലികോപ്റ്ററുകൾ സ്വന്തമാക്കുന്നതിനാണ് യുഎസുമായി ഇന്ത്യ കരാറിൽ ഏർപ്പെട്ടിരിക്കുന്നത്. 2021 ൽ ആദ്യ മൂന്ന് റോമിയോ ഹെലികോപ്റ്ററുകൾ ഇന്ത്യയ്‌ക്ക് കൈമാറിയിരുന്നു. ഇവ നാവിക സേന ഉദ്യോഗസ്ഥരുടെ പരിശീലനത്തിനായി നൽകി. 2025-ഓടെ 24 ഹെലികോപ്റ്ററുകളും ഇന്ത്യയിലെത്തുമെന്നാണ് റിപ്പോർട്ട്. 2020 ഫെബ്രുവരിയിലായിരുന്നു അമേരിക്കയുമായി ഇന്ത്യ കരാറിലേർപ്പെട്ടത്.
ലോകത്തിലെ ഏറ്റവും അത്യാധുനിക ശേഷിയുള്ള ഹെലികോപ്റ്ററായി കരുതുന്ന റോമിയോ, യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന എയ്‌റോസ്‌പേസ് കമ്പനിയായ ലോക്ക്ഹീഡ് മാർട്ടിനിൽ നിന്നാണ് ഇന്ത്യ വാങ്ങുന്നത്. റോമിയോ സ്വന്തമാക്കുന്നത് രാജ്യത്തിന്റെ പ്രതിരോധമേഖലയ്‌ക്കും നാവിക സേനയ്‌ക്കും വലിയ മുതൽക്കൂട്ടാകും. നാവിക സേനയുടെ ശേഷി പതിന്മടങ്ങ് വർദ്ധിപ്പിക്കുന്നതിനോടൊപ്പം ഇന്ത്യൻ മഹാസമുദ്ര മേഖലയിലും ഇന്തോ- പസഫിക് മേഖലയിലുമുള്ള സേനയുടെ പ്രവർത്തനങ്ങൾക്ക് കാര്യക്ഷമത ഉയർത്താനും സഹായിക്കും.
