പാകിസ്ഥാന്‍ അയയ്‌ക്കുന്ന തുര്‍ക്കി ഡ്രോണ്‍ കൂട്ടത്തെ ഒറ്റയ്‌ക്ക് വേട്ടയാടുന്ന ഇന്ത്യയുടെ ഭാര്‍ഗവാസ്ത്ര, ഒറ്റയടിക്ക് അയക്കുക 64 മിസൈലുകള്‍. പാകിസ്ഥാന്‍ ഇന്ത്യയിലേക്ക് അയയ്‌ക്കുന്ന തുര്‍ക്കിയുടെ ചാവേര്‍ ഡ്രോണുകളുടെ സംഘത്തെ ഒറ്റയ്‌ക്ക് വേട്ടയാടാന്‍ കെല്‍പ്പുള്ളവനാണ് ഭാര്‍ഗ്ഗവാസ്ത്ര. മഹാരാഷ്‌ട്രയിലെ നാഗ്പൂരില്‍ പ്രവർത്തിക്കുന്ന സോളാർ ഡിഫെൻസ് ആൻഡ് ഏറോസ്പേസ് ലിമിറ്റഡ് ആണ് ഭാർഗവസ്ത്ര വികസിപ്പിച്ചെടുത്തത്.
ഓപ്പറേഷന്‍ സിന്ദൂറില്‍ തുര്‍ക്കി ഡ്രോണുകള്‍ ലക്ഷ്യം വെച്ചത് ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങളെയും പഞ്ചാബ് ഉള്‍പ്പെടെയുള്ള വിവിധ നഗരങ്ങളെയുമാണ്. ഇനി പാകിസ്ഥാനുമായി നടക്കാന്‍ പോകുന്ന ഓപ്പറേഷന്‍ സിന്ദൂറിന്റെ രണ്ടാം ഭാഗത്തില്‍ ഇന്ത്യ പാകിസ്ഥാന്‍ അയയ്‌ക്കുന്ന തുര്‍ക്കിയുടെ ചാവേര്‍ ഡ്രോണുകളെ തകര്‍ക്കാന്‍ പോകുന്നത് ഭാര്‍ഗവാസ്ത്ര കൊണ്ടാണ്. ഡ്രോണുകളുടെ കൂട്ടത്തെ നിമിഷങ്ങള്‍ക്കുള്ളില്‍ നിർവീര്യമാക്കാൻ ഒരേസമയം ഡിഫൻസ് സിസ്റ്റത്തിലെ 64 മൈക്രോ-മിസൈലുകള്‍ വിക്ഷേപിക്കാൻ കഴിയുന്ന സംവിധാനമാണ് ഭാര്‍ഗ്ഗവാസ്ത്രയുടേത്.
വെറും 10 സെക്കൻഡിനുള്ളില്‍, ഒറ്റത്തവണ വിക്ഷേപിച്ചാല്‍ ഇതില്‍ നിന്നും 64 മൈക്രോ-മിസൈലുകള്‍ ചീറിപ്പായും. ഇപ്പോള്‍ പൊതുവേ കൂട്ട ഡ്രോണ്‍ ആക്രമണങ്ങളെ നേരിടുന്ന പ്രതിരോധ സംവിധാനങ്ങള്‍ ലോകത്തെവിടെയും ഇല്ല, നാലു മിസൈലുകള്‍ മാത്രം അയയ്‌ക്കാനുള്ള ശേഷിയില്‍ ഒതുങ്ങുമ്പോള്‍ ഭാര്‍ഗവാസ്ത്രയ്‌ക്ക് 64 മിസൈലുകള്‍ അയയ്‌ക്കാന്‍ സാധിക്കും. രണ്ടു ഘട്ടങ്ങളിലായാണ് ഭാര്‍ഗവാസ്ത്ര പ്രതികരിക്കുക. ഒന്നാം ഘട്ടത്തില്‍, ഗൈഡഡ് റോക്കറ്റുകള്‍ ഡ്രോണ്‍ കൂട്ടങ്ങളെ ചിതറിക്കും. രണ്ടാം ഘട്ടത്തില്‍ റഡാര്‍ നയിക്കുന്ന മൈക്രോ-മിസൈലുകള്‍ എല്ലാ ചിതറിയ ഡ്രോണുകളെയും നശിപ്പിക്കും.
ആറു മുതല്‍ പത്തു കിലോമീറ്റർ വരെ അകലെയുള്ള ഡ്രോണുകളെ കണ്ടെത്താന്‍ ഇതിന് ശേഷിയുണ്ട്. ഇവ ഏകദേശം രണ്ടര കിലോമീറ്റര്‍ വരെയുള്ള ദൂരപരിധിയില്‍ എത്തിയാല്‍ അവയെ നശിപ്പിക്കും. ഏത് കാലാവസ്ഥയിലും ഭാര്‍ഗവാസ്ത്ര പ്രവര്‍ത്തിക്കും. അതുകൊണ്ടു തന്നെ, ഇന്ത്യയുടെ വടക്ക് വടക്ക് കിഴക്കൻ അതിർത്തികള്‍ മുതല്‍ പടിഞ്ഞാറൻ താർ മരുഭൂമികൾ വരെ, ഭാർഗവസ്ത്ര വിന്യസിക്കാം. റഷ്യയില്‍ നിന്നും വാങ്ങിയ വ്യോമപ്രതിരോധ സംവിധാനം എസ്-400 എന്ന സുദര്‍ശന ചക്രയുമായി താരതമ്യം ചെയ്താല്‍ ഭാർഗവസ്ത്രയുടെ ചെലവ് വളരെ കുറവാണ്.
