തട്ടത്തിന് മുന്നിൽ അടിയറവ് പറഞ്ഞ സിപിഎം.


ഏതെങ്കിലും ഒരു പെൺകുട്ടി തട്ടം ധരിക്കുകയോ ധരിക്കാതിരിക്കുകയോ ചെയ്യുന്നതിന് വ്യക്തിപരമായി എതിരല്ല. അതവരുടെ ഇഷ്ടാനിഷ്ടങ്ങളുടെ മാത്രം പ്രശ്നമാണ്. ഏതൊരു വ്യക്തിക്കും തനിക്കിഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യമുള്ള നാടാണിത്. എന്നാൽ മുസ്ലിം പെൺകുട്ടികൾ തട്ടം ധരിക്കുന്നത് വ്യക്തിപരമായ ഇഷ്ടത്തിന്റെയോ ചോയ്സിന്റേയോ മാത്രം ഭാഗമാണോ എന്ന് ചോദിച്ചാൽ "അല്ല" എന്നാണ് അതിന്റെ ഉത്തരം. 

അവരെ സംബന്ധിച്ചിടത്തോളം തട്ടമെന്നത് മതപരമായ ഒരു ഐഡന്റിറ്റിയാണ്. "Its not a personal choice.its a part of religious identity, religious habits and religious practice." അതുകൊണ്ടാണ് തട്ടമിടാത്ത പെൺകുട്ടിയോട് "നിനക്ക് മരിക്കണ്ടേ പെണ്ണേ" എന്ന് മതപുരോഹിതന്മാർ മുതൽ സദാചാരമത ആങ്ങളമാർ വരെ ചോദിച്ചു കൊണ്ടിരിക്കുന്നത്. വളരെക്കാലം മുമ്പ് പി.കെ.സൈനബ മലപ്പുറത്ത് തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ അവരുടെ തട്ടമിടാത്ത ചിത്രം മുസ്ലിം ലീഗ് രാഷ്ട്രീയ ആയുധമാക്കിയതിന്റെ ഗുട്ടൻസും ചോയ്സിനപ്പുറമുള്ള തട്ടത്തിന്റെ ഈ "റിലീജിയോസിറ്റി" തന്നെയാണ്. 
 
ആണധികാരത്തിൽ അധിഷ്ഠിതമായ മത സിദ്ധാന്തങ്ങളുടെ ഒരു ബലപ്രയോഗം തട്ടം എന്ന വസ്ത്രത്തിന് പുറകിലും ഉണ്ട്. അതുകൊണ്ടാണ് "തട്ടം വിവാദ"ത്തിലെ ചാനൽ ചർച്ചകളിലൊക്കെ സമുദായത്തിലെ ആണുങ്ങൾ പ്രധാന സ്ഥാനത്ത് വന്നിരുന്ന് ചർച്ചിക്കുന്നത്. പല പെൺകുട്ടികളും വിവാഹാനന്തരം മാത്രം തട്ടത്തിൻ മറയത്തേക്ക് എത്തുന്നതിന്റെ കാരണവും മറ്റൊന്നല്ല. ഇത് വെറും ചോയ്സിന്റെ പ്രശ്നം മാത്രമായിരുന്നങ്കിൽ ഇറാനിയൻ യുവതി "മഹ്സ അമീനി" ഇന്നും ഈ ഭൂമിയിൽ ജീവിച്ചിരിക്കുമായിരുന്നു. 

തന്നിഷ്ടപ്രകാരം വസ്ത്രം ധരിക്കുന്ന പെണ്ണിനെ ഉൾക്കൊള്ളാനുള്ള വ്യാപ്തിയൊന്നും എക്കാലത്തും ഇസ്ലാമിനില്ല. ഇസ്ലാം മതം എന്നത് ആണുങ്ങൾ ആണുങ്ങൾക്ക് വേണ്ടി ആണുങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ആണുങ്ങളുടെ ഭരണ വ്യവസ്ഥയാണ്. അവിടെ നിന്നും പെണ്ണുങ്ങൾക്ക് നീതി കിട്ടുമോ എന്നുള്ളത് "കടുവയുടെ മുന്നിൽ മാൻപെടയ്ക്ക് നീതി കിട്ടുമോ" എന്നുള്ള പഴയ ചോദ്യം പോലെ തന്നെ പ്രസക്തമായ ഒന്നാണ്. തട്ടമിടാത്ത പെൺകുട്ടികളെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ അടയാളമായി അനിൽകുമാർ അവതരിപ്പിച്ചതിൽ സിപിഎമ്മിന് കൈപൊള്ളിയപ്പോൾ വെറുമൊരു തളളായി തീരുന്നതും ഈ ഒരു പോയന്റിലാണ്. ഗണപതി വിഷയത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഷംസീറിന് നൽകിയ പിന്തുണ തട്ടത്തിൽ അനിൽകുമാറിന് കിട്ടില്ല. 
 
പൂണൂൽ പൊട്ടിക്കുന്നതു പോലെയോ കുടുമ മുറിക്കുന്നത് പോലെയോ മറക്കുട തല്ലിപ്പൊളിക്കുന്നത് പോലെയോ തീണ്ടാരിപ്പുരകൾക്ക് തീ വെക്കുന്നത് പോലെയോ അവർണ്ണനെ പൂജാരിയാക്കുന്നത് പോലെയോ വനിതാ മതിൽ കെട്ടുന്നത് പോലെയോ അത്ര എളുപ്പമുള്ള പണിയല്ല തട്ടം പിടിച്ചു വലിക്കുന്നതെന്ന് വിപ്ലവ പാർട്ടിക്കാരെക്കാൾ നന്നായിട്ട് അറിയാവുന്നവർ ഇന്നാട്ടിൽ വേറെയില്ല. പിന്നെ ഇടയ്ക്കിടക്ക് മതമില്ല മതമില്ല, മതമല്ല പ്രശ്നം, സ്ത്രീ സമത്വം, നവോത്ഥാനം, പുരോഗമനം, അവുലോസുണ്ട എന്നൊക്കെ പറയും. അതത്ര കാര്യമാക്കാതിരുന്നാൽ മതി.
Post a Comment (0)
Previous Post Next Post