ലോകമൊട്ടാകെ വലിയ ചർച്ചകൾക്ക് വഴിതുറന്നു കൊണ്ട് ബോക്‌സ് ഓഫീസിൽ വലിയ വിജയം തീർക്കുകയാണ് സുദീപ്തോ സെൻ സംവിധാനം ചെയ്ത ദി കേരള സ്റ്റോറി. കേരളത്തിൽ നിന്നുള്ള സ്ത്രീകളെ മതം മാറ്റി തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐ.എസ്.ഐ.എസ്) ഭാഗമാക്കുന്ന ഗൂഢ നീക്കങ്ങളെപ്പറ്റി പറയുന്ന സിനിമയ്‌ക്കെതിരെ ഇസ്ലാമിസ്റ്റുകളും സിപിഎം, കോൺഗ്രസ് അടക്കമുള്ള രാഷ്‌ട്രീയ പാർട്ടികളും രംഗത്തു വന്നിരുന്നു.
സിനിമയിൽ പറയുന്ന കാര്യങ്ങൾ സത്യമല്ലെന്നുള്ള വാദമായിരുന്നു ഇവരുടേത്. ഇപ്പോഴിതാ, സിനിമയ്‌ക്കെതിരെ പ്രചാരണം നടത്തുന്നവർക്ക് ഇരകളെ പരിചയപ്പെടുത്തി കൊണ്ട് മറുപടി നൽകിയിരിക്കുകയാണ് ദി കേരള സ്റ്റോറിയുടെ അണിയറ പ്രവർത്തകർ. നിർബന്ധിത മതപരിവർത്തനത്തിലൂടെ കെണിയിൽപ്പെട്ട് നരകയാതന അനുഭവിച്ച 26- ഓളം സ്ത്രീകളാണ് തങ്ങളുടെ അതിജീവനത്തിന്റെ കഥ മാദ്ധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തിയിരിക്കുന്നത്.
സിനിമ മൂന്ന് സ്ത്രീകളെക്കുറിച്ചാണ് പറയുന്നത്, എന്നാൽ ആയിരക്കണക്കിന് സ്ത്രീകളുടെ കഥയാണ് ദി കേരള സ്റ്റോറി എന്നും യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് സിനിമ ചെയ്തതെന്നും നിർമ്മാതാവ് വിപുൽ അമൃത്ലാൽ ഷാ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇതിന് ശേഷമാണ് ഇരകളാക്കപ്പെട്ട സ്ത്രീകളെ അണിയറ പ്രവർത്തകർ പരിചയപ്പെടുത്തിയത്. ഇവർ തങ്ങളുടെ അനുഭവങ്ങൾ സദസ്സിൽ തുറന്നു പറഞ്ഞു. മതം മാറ്റപ്പെട്ട 7000- ത്തോളം സ്ത്രീകളെ തങ്ങൾ തിരികെ കൊണ്ടു വന്നിട്ടുണ്ടെന്ന് ഇരകളിൽ ഒരാൾ വെളിപ്പെടുത്തി.
'1999 മുതലുള്ള പരിശ്രമ ഫലമായി മതം മാറ്റപ്പെട്ട 7,000 സ്ത്രീകളെ തിരികെ കൊണ്ടുവരുന്നതിൽ ഞങ്ങൾ വിജയിച്ചു. 7,000 സ്ത്രീകളിൽ ഈ 26 പേരും ദൗത്യത്തിനായി സമർപ്പിക്കപ്പെട്ടവരാണ്. മതപരിവർത്തനത്തിനെതിരെ പോരാടുകയും ആളുകളെ തിരികെ കൊണ്ടുവരികയും ഞങ്ങൾ ചെയ്യുന്നു. പെൺകുട്ടികളെ മാത്രമല്ല, ആൺകുട്ടികളെയും ഇങ്ങനെ മതം മാറ്റുന്നുണ്ട്. 15-17 വയസ്സ് പ്രായമുള്ള ആൺകുട്ടികളെ ഇസ്ലാമിലേയ്‌ക്ക് മതം മാറ്റിയിട്ടുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനിടെ ഞങ്ങൾക്ക് മുന്നിലെത്തിയത് നാല് കേസുകളാണ്. ഇങ്ങനെയൊരു കണക്ക് നോക്കിയാൽ അത് 32,000-ത്തേക്കാൾ വളരെ കൂടുതലായിരിക്കും’ എന്ന് യുവതി പറയുന്നു.
കേരളത്തിൽ രണ്ട് കേരളമുണ്ടെന്ന് സംവിധായകൻ സുദീപ്തോ സെനും ചൂണ്ടിക്കാണിച്ചു. ‘കേരളത്തിലെ ഒരു ഭാഗം മനോഹരമാണ്, മറുഭാഗം ഭീകരവാദ ശൃംഖലകളുടെ താവളവും. കേരളത്തിനുള്ളിൽ രണ്ടു കേരളമുണ്ട്. ആദ്യത്തേത് കളരിപയറ്റും നൃത്തവും കായലുകളും മനോഹരമായ ഭൂപ്രകൃതിയും കൊണ്ട് അനുഗ്രഹീതമാണ്. രണ്ടാമത്തേത്, ഭീകരവാദ ശൃംഖല ശക്തമായ മറ്റൊരു കേരളം- എന്ന് സുദീപ്തോ സെൻ പറയുന്നു.
ഇസ്ലാം മതം ഇരയാക്കപ്പെട്ട പെൺകുട്ടികളുടെ കഥ കാണിക്കുകയായിരുന്നു തന്റെ ലക്ഷ്യം എന്നും അതിന് ‘ലൗ ജിഹാദ്’ എന്നോ മറ്റെന്തെങ്കിലുമോ പേരിടേണ്ടത് ജനങ്ങളാണെന്നും നിർമ്മാതാവ് വിപുൽ അമൃത്ലാൽ ഷായും അഭിപ്രായപ്പെട്ടു. ഇസ്ലാം മതത്തിന്റെയും ഐഎസിന്റെയും പിടിയിൽ കുടുങ്ങിയ നിരവധി പെൺകുട്ടികളാണ് അഫ്ഗാനിസ്ഥാനിലെ ജയിലിൽ കഴിയുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.