ബാലസഹജമായ കൗതുകം ആവാം, തളർന്നപ്പോൾ ഒന്ന് ചാരിനിന്നതാവാം ആ കാറിൽ. ആറുവയസ്സുകാരന്റെ വാരിയെല്ലിന് നേരെ നീണ്ട പണത്തിന്റെയും, അഹങ്കാരത്തിന്റെയും കാലുകൾ നമുക്ക് കാട്ടി തരുന്ന ചില ചിത്രങ്ങൾ ഉണ്ട്. പഠിക്കേണ്ട പാഠങ്ങൾ ഉണ്ട്. പ്രതിയെ കാട്ടികൊടുത്തിട്ടും രാത്രി വീട്ടിൽ ചെന്നു കിടന്നുറങ്ങാൻ അനുവാദം കൊടുത്തു ഒരു എഫ്.ഐ.ആർ പോലും ഇടാതെ പറഞ്ഞുവിട്ട പോലീസ് തിന്മയുടെ ചിത്രമാണ്.
കയ്യൂക്കും, സ്വാധീനവും ഉണ്ടെങ്കിൽ ആർക്കും ഇതൊക്കെ ആവാമെന്ന ബാലപാഠങ്ങളാണ് ഈ സംഭവങ്ങൾ നമ്മെ പഠിപ്പിക്കുന്നത്. കേരളാ സ്റ്റേറ്റ് ബോർഡും വച്ചു ജനത്തിന്റെ ചിലവിൽ എണ്ണയൊഴിച്ചോടുന്ന വണ്ടി രാത്രികാലങ്ങളിൽ കയ്യാല ചാടി മോഷണത്തിനും, പെണ്ണിനെ തേടിയും ഓടുമ്പോൾ നമ്മൾ ഏത് സാമൂഹിക ചുറ്റുപാടിലാണ് ജീവിക്കുന്നതെന്ന് വ്യക്തമാകും.
സ്ഥലം ജനപ്രതിനിധിയോട് ഈ സംഭവത്തെ കുറിച്ച് ചോദിച്ചാൽ പറയും ഞാനല്ല ചവിട്ടിയതെന്ന് എന്തൊരു അഹങ്കരമാണ് മറുപടിയിൽ. ഈ അഹങ്കാരങ്ങൾ എല്ലാം ഒത്തു ചേർന്നാൽ ഗണേശന്മാർ ചവിട്ടി എറിയപ്പെടും. അവന്റെ ബാല്യമോ, ഭാഷയോ, ദാരിദ്ര്യമോ പരിഗണിക്കപ്പെടുകയില്ല.
വല്യ നേതാക്കളുടെ കൊച്ചുമക്കൾ നിശ്ചിത സമയത്തു കോംപ്ലാനും, ബിസ്ക്കറ്റും കഴിച്ചില്ലെങ്കിൽ കഴിപ്പിക്കാൻ ഓടിയെത്തും ബാലാവകാശ കമ്മീഷൻ. ചവിട്ടിയ ക്രിമിനലിനൊപ്പം കാറിൽ കയറിപ്പോകുന്ന ഒരു യുവതിയേയും കാണാം വിഡിയോയിൽ. ആ സ്ത്രീക്കെങ്കിലും ആ കുഞ്ഞിനോട് അൽപ്പം കരുണ തോന്നിയില്ലല്ലോ എന്നോർക്കുമ്പോൾ ലജ്ജ തോന്നുന്നു.
ഒരു കൈ നീളണം അന്യന്റെ കണ്ണീരൊപ്പാൻ, ഒരു കൈനീളണം അന്യനെ ഊട്ടാൻ അവനാണ് ദൈവത്തിന്റെ സ്നേഹത്തിനും, പരിഗണനയ്ക്കും അർഹൻ. ഈ പാഠം വീട്ടുകാർ ഈ ക്രിമിനലിന് കുഞ്ഞുനാൾ മുതൽ പഠിപ്പിച്ചു കൊടുത്തിരുന്നെങ്കിൽ തീർച്ചയായും ആറുവയസ്സുള്ള ബാല്യത്തിന് നേരേ അവന്റെ കാലുകൾ ഉയരില്ലായിരുന്നു. "നല്ല ദൈവ വിശ്വാസി നല്ല മനുഷ്യനാണ്." നല്ല മനുഷ്യൻ പ്രാർത്ഥനയാൽ ശുദ്ധീകരിക്കപ്പെട്ടാൽ നന്മയുള്ളവനുമാകും.
ഇത് ഇവിടെ പറയാൻ കാരണം കാറില്‍ ചാരിനിന്ന കുട്ടിയെ ചവിട്ടിത്തെറിപ്പിച്ച ക്രിമിനൽ അറസ്റ്റിലായ സംഭവത്തിൽ അഭിഭാഷകനായ ഒരു പൊതു പ്രവർത്തകന്റെ ഇടപെടലാണ് കുട്ടിക്ക് ചികിത്സയും, നീതിയും ലഭ്യമാക്കിയത്. കാറുടമ കുട്ടിയെ ചവിട്ടുന്ന സമയത്ത് അവിടെയെത്തിയ അഡ്വ: എം.കെ.ഹസ്സനാണ് ഈ വിഷയം പോലീസിൽ അറിയിച്ചത്.
കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. സാഹചര്യങ്ങൾ നന്മയില്ലാത്തതും, കരുണയില്ലാത്തതും ആക്കി. പണവും, സ്വാധീനവും കൊണ്ട് എല്ലാം നേടാമെന്നും പരിഹരിക്കാമെന്നും വീട്ടിലെ മുതിർന്നവർ കാണിച്ചു കൊടുക്കുമ്പോഴാണ് തെരുവോരത്തിൽ അന്തിയുറങ്ങുന്ന ഗണേശന്മാർ ചവിട്ടി എറിയപ്പെടുന്നത്.