കഴിഞ്ഞ ദിവസം കേരളത്തിൽ അങ്ങോളമിങ്ങോളം നബിദിനാഘോഷം നടന്നുവല്ലോ, ഘോഷയാത്രയും കലാപരിപാടികളും ബലൂൺ പറത്തവും എല്ലാമായി ആകെ ഒരു ഉത്സവമേളം തന്നെയായിരുന്നു. പക്ഷെ ആ ആഘോഷങ്ങൾക്കിടയിൽ എവിടെയെങ്കിലും മരുന്നിന് പോലും ഒരു പെൺതരിയെ നിങ്ങൾ കണ്ടിരുന്നുവോ? വർഷം 2022 ആണ് ഇന്റെർനാഷണൽ സ്പേസ് സ്റ്റേഷനിൽ പെണ്ണുങ്ങൾ മാസങ്ങളോളം താമസിക്കുന്ന കാലമാണ്. ജെൻഡർ ഇക്വാലിറ്റി ലോകം മുഴുവൻ ഏറ്റെടുത്തിരിക്കുന്ന നൂറ്റാണ്ടാണ്. പക്ഷെ പ്രബുദ്ധ കേരളത്തിലെ ഇസ്ലാമിക ആഘോഷ യാത്രയിൽ പെൺകുട്ടികൾക്ക് പ്രവേശനമില്ല.
നബിദിന പരിപാടികളിൽ പങ്കെടുക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇവിടുത്തെ മുസ്ലീം പെൺകുട്ടികൾ തിരുവനന്തപുരം പാളയം പള്ളിക്ക് മുന്നിൽ ഒരു സമരം സംഘടിപ്പിച്ചതായി വെറുതെയൊന്ന് സങ്കല്പിക്കുക. അപ്പോൾ ആ വഴി, ഇന്ത്യയിലെ അറിയപ്പെടുന്ന പെൺപക്ഷ പോരാളികളായ വൃന്ദാ കാരാട്ടും, ആനി രാജയും നടന്നു പോകുന്നതായി ചുമ്മാ ഒന്ന് ഭാവനയിൽ കാണുക.
എന്തായിരിക്കും ഈ മഹിളാ പ്രധാനികളുടെ പ്രതികരണം? അവർ സമരം ചെയ്യുന്ന പെൺകുട്ടികളെ കണ്ടഭാവം നടിക്കാതെ, അടുത്തുള്ള ഇന്ത്യൻ കോഫിഹൗസിൽ കയറി ബീറ്റ്‌റൂട്ട് മസാല ദോശയും കഴിച്ച് ഏമ്പക്കവും വിട്ട് സ്ത്രീശാക്തീകരണ സിംബോസിയത്തിൽ പങ്കെടുക്കാൻ അയ്യങ്കാളി ഹാളിലേക്ക് വെച്ചുപിടിക്കും. ഇതാണ് ഇവിടുത്തെ ലെഫ്റ്റ് ഫെമിനിസം. ഇവരേക്കാൾ എത്രയോ ഭേദമാണ് കുലസ്ത്രീകളെന്ന് അപഹസിക്കപ്പെടുന്നവർ.
പെൺകുട്ടികളുടെ വിവാഹപ്രായം 21 ആക്കാൻ പാർലമെന്റിൽ ബിൽ കൊണ്ടുവന്നപ്പോൾ അതിനെ നഖശിഖാന്തം എതിർത്ത്, പോഷക ആഹാരത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ ഈ പെൺപുലികൾ ഇറാനിലെ സ്ത്രീകൾ നടത്തുന്ന ഐതിഹാസിക സമരത്തിന് ഇവർ പിന്തുണ പ്രഖ്യാപിക്കുമെന്നും, പ്രതികരിക്കുമെന്ന് സ്വപ്നത്തിൽപോലും നിങ്ങൾ വിചാരിക്കേണ്ട.
ഉത്തരേന്ത്യയിൽ ഒരു പെൺകുഴിയാന ചരിഞ്ഞാൽ പൊട്ടിത്തെറിച്ച് പൊട്ടിക്കരയുന്ന ജനാധിപത്യ സോഷ്യലിസ്റ്റ് മഹിളകൾ, ഇറാനിൽ ഹിജാബിനെതിരെ സ്ത്രീകൾ ജീവൻ കൊടുത്ത് നടത്തുന്ന പ്രക്ഷോഭത്തെപ്പറ്റി അറിഞ്ഞിട്ടേയില്ല. ഇറാനിൽ മാത്രമല്ല ഇന്ത്യയിലും മുസ്ലീം സ്ത്രീകൾക്ക് നിഖാബ് നിർബന്ധം ആക്കണമെന്നാണ് ഇക്കൂട്ടരുടെ ഖണ്ഡിതമായ അഭിപ്രായം. എന്നാലല്ലേ പുരുഷ ഫാസിസ്റ്റുകളുടെ വോട്ട് ചറപറാന്ന് വീഴുകയുള്ളു. ഇരട്ടത്താപ്പും, കാപട്യവും, ഉളുപ്പില്ലായ്മയും ചാലിച്ച് വട്ടപ്പൊട്ടും ചാർത്തി നടക്കുന്ന വിപ്ലവ ഫെമിനിച്ചികളാണ് അടിമത്വത്തിന് എതിരെ പോരാടുന്ന പെൺവർഗ്ഗത്തിന്റെ യഥാർത്ഥ ശത്രുക്കൾ.