എട്ടാം നൂറ്റാണ്ടിലെ ആദി ശങ്കരൻ പത്തൊമ്പതാം നൂറ്റാണ്ടിൽ പുനർജനിച്ചു.


'ഒരു ജാതി, ഒരു മതം, ഒരു ദൈവം, മനുഷ്യന്' എന്നു പറഞ്ഞ ശ്രീനാരായണ ഗുരു തൻ്റെ ആ 'ഒരു മതം' ഏതാണെന്നെന്നും കൂടി പറഞ്ഞിട്ടുണ്ട്. 'ശങ്കരൻ്റെ മതം തന്നെയാണ് എൻ്റേയും മതം'. എന്തായിരുന്നു ശങ്കരൻ്റെ മതം? അത് അദ്വൈതമായിരുന്നു. അദ്വൈതം എന്നാൽ രണ്ടില്ല, ഒന്നേയുള്ളൂ എന്നർത്ഥം. അതായത്, ഒരു ജാതി, ഒരു മതം, ഒരു ദൈവം.

ശ്രീ ആദി ശങ്കരാചാര്യർ പറഞ്ഞ അദ്വൈതം സാധാരണക്കാരിൽ ഉദ്ദീപിപ്പിക്കാൻ നാരായണ ഗുരു അദ്വൈത ദീപികയെഴുതി. ഇന്നു നാം നാഴികയ്ക്ക് നാൽപ്പതു വട്ടം 'മതേതര കേരളം' എന്ന് മാറത്തടിച്ച് പറയുന്നുവെങ്കിൽ ആ അദ്വൈത മനോഭാവം നമ്മുടെ തലമുറകളിലേയ്ക്ക് പകർന്നു തന്നത് ഈ ശങ്കര- നാരായണന്മാരാണ്. 

ആദി ശങ്കരൻ ജനിച്ചില്ലായിരുന്നുവെങ്കിൽ  ഭാരതത്തിലിന്ന് അദ്വൈതം പറയാൻ ഹിന്ദുമതം എന്ന സനാതന ധർമ്മം ഇവിടെ ഉണ്ടാകുമായിരുന്നില്ല. ശ്രീ നാരായണൻ ജനിച്ചില്ലായിരുന്നു എങ്കിൽ കേരളത്തിൽ മതേതരത്വം നിലനിർത്താൻ ഹിന്ദുക്കളും മിച്ചമുണ്ടാകുമായിരുന്നില്ല.

ആരായിരുന്നു ശ്രീനാരായണ ഗുരു? 

ജീവകാരുണ്യ പഞ്ചകത്തിൽ  നാരായണ ഗുരുവിൽ കാണുന്നത് ബുദ്ധൻ്റെ അഹിംസ ആണെങ്കിൽ, ഈശാവാസ്യോപനിഷത്തിൻ്റെ മലയാള വിവർത്തനത്തിൽ കാണുന്നത് ശങ്കരൻ്റെ ഉപനിഷദ്ജ്ഞാനമാണ്. കാളീനാടകത്തിൽ ഗുരു തികഞ്ഞ ശാക്തേയനാകുന്നു. ചിജ്ജഢ ചിന്തനത്തിൽ ശൈവോപാസകനും, വിഷ്ണ്വഷ്ടകം, വാസുദേവ അഷ്ടകം എന്നിവയിൽ ഗുരുദേവൻ കറകളഞ്ഞ വൈഷ്ണവനുമാകുന്നു. 

അനുകമ്പാ ദശകത്തിൽ പരമ കാരുണികനായ ഒരു ആചാര്യനെക്കാണാം. കുണ്ഡലിനിപ്പാട്ടിൽ ആത്മാനുഭൂതി കൈവരിച്ച ഒരു സിദ്ധനേയും. ജാതി നിർണ്ണയം, ജാതി ലക്ഷണം എന്നിവയിലൂടെ സാമൂഹ്യ പരിഷ്ക്കർത്താവാകുന്ന ഗുരുദേവൻ, ബ്രഹ്മവിദ്യാ പഞ്ചകത്തിൽ ഭൗതികലോക വിരക്തനായ മഹാ ഋഷിയാകുന്നു.

ഇതിൽ നിന്നൊക്കെ ശ്രീനാരായണ ഗുരു പറഞ്ഞ ധർമ്മം, സനാതന ധർമ്മം തന്നെയെന്ന് മനസ്സിലാക്കാം. അതുകൊണ്ടുതന്നെ അദ്ദേഹം സ്ഥാപിച്ച എസ്എൻഡിപി. സനാതന ധർമ്മ പരിപാലനം സംശയലേശമന്യേ നിർവ്വഹിക്കേണ്ടതുണ്ട്. ആ ധർമ്മത്തിനെതിരെ പ്രവർത്തിക്കുന്ന  ശക്തികൾക്ക് കൈകൊടുത്ത് വ്യാജ നവോത്ഥാനത്തിന് കൂട്ടുനിൽക്കുന്നത് ഗുരുനിന്ദയാണ്.

"ഗതി നീയടിയന്നു ഗജത്തെയുരി-ച്ചതുകൊണ്ടുടചാര്‍ത്തിയ ചിന്മയമേ,ചതിചെയ്യുമിരുട്ടൊരു ജാതി വിടുന്നതിനിന്നടിയന്നരുളേകണമേ" എന്നുപാടിയ ഗുരുദേവനെ, നിങ്ങളുടെ സ്വാർത്ഥ ലാഭത്തിനായി കേവലമൊരു ജാതി നേതാവായി ഒതക്കരുതെന്ന് അപേക്ഷിക്കുന്നു.


എല്ലാവർക്കും ശ്രീനാരായണ ഗുരു ജയന്തി ആശംസകൾ.

Post a Comment (0)
Previous Post Next Post