വിഷ്ണുവിന്റെ വാമനാവതാരത്തെ നമുക്കെല്ലാവർക്കും അറിയാം. എന്നാൽ പരമശിവന്റെ വാമനരൂപം കണ്ടിട്ടുണ്ടോ? നാലാം നൂറ്റാണ്ടിൽ ഭാരതം ഭരിച്ചിരുന്ന വകാടക രാജവംശത്തിൻ്റെ കാലഘട്ടത്തിൽ ആരാധിക്കപ്പെട്ടിരുന്ന ഈ വാമന ശിവനെ കണ്ടെത്തിയത് നാഗ്പൂരിലെ മൻസാറിലാണ്.
ചന്ദ്രക്കലയും, കപാലവും ഒപ്പം കുടവയറും, കുഞ്ഞിക്കാലുകളുമായി ഒരു വാമന ശിവരൂപം. ഗുജറാത്ത് മുതൽ കർണ്ണാടകയിലെ തുംഗഭദ്ര നദിവരെ നീണ്ടു കിടന്ന സാമ്രാജ്യമായിരുന്നു വകാടക രാജവംശത്തിന്റേത്.
സാഹിത്യത്തേയും, സംസ്ക്കാരത്തേയും താലോലിച്ച് പരിപാലിച്ചിരുന്ന വകാടക രാജവംശത്തിൻ്റെ കാലഘട്ടത്തിലാണ് കാവ്യശാസ്ത്രത്തിലെ വൈദർഭി, വാചോമി എന്നീ ആലാപനരീതികൾ പിറവി കൊണ്ടതെന്ന് പറയപ്പെടുന്നു. പ്രാകൃതി- സംസ്കൃത ലിപികളാണ് അവർ കൂടുതലായി ഉപയോഗിച്ചിരുന്നത് എന്ന് കൽവെട്ടുകളിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.
വിദ്യാശക്തി ആയിരുന്നു വകാടക രാജവംശത്തിലെ ആദ്യത്തെ രാജാവ്. പിന്നീട് അദ്ദേഹത്തിൻ്റെ പുത്രൻ പ്രവരസേനൻ രാജ്യം ഭരിച്ചു. പ്രവരസേനന്റെ രണ്ടു മക്കളായ സർവ്വസേന ഒന്നാമനും, ഗൗതമിപുത്രനും വകാടക രാജവംശത്തിൽ വത്സഗുൽമ, നന്ദിവർദ്ധന എന്നീ ഉപവിഭാഗങ്ങളുണ്ടാക്കി.