ഇന്ത്യൻ നാവികസേനയ്‌ക്ക് ഇന്നു മുതൽ പുതിയ പതാക. നാവികസേനയുടെ പുതിയ പതാക പ്രധാനമന്ത്രി നരേന്ദ്രമോദി അനാച്ഛാദനം ചെയ്തു. കൊളോണിയൽ മുദ്രകൾ പൂർണ്ണമായും നീക്കിയ പതാകയാണ് പുറത്തിറക്കിയിരിക്കുന്നത്. സ്വതന്ത്ര ഇന്ത്യയുടെ നാവികസേനയ്‌ക്ക് ഇത് നാലാമത്തെ തവണയാണ് പതാക മാറുന്നത്. മറാത്താ സാമാജ്യത്തിന്റെ സ്ഥാപകനായ ഛത്രപതി ശിവാജി മഹാരാജിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് നാവികസേനയുടെ പുതിയ പതാക തയ്യാറാക്കിയിരിക്കുന്നത്.
പുതിയ പതാകയുടെ വലതുവശത്ത് മുകളിലായി ദേശീയപതാകയും ഇടതുവശത്ത് നീല അഷ്ടഭുജാകൃതിയിലുള്ള ചിഹ്നത്തിനുള്ളിൽ നങ്കൂരവും അതിന് മുകളിലായി ദേശീയ ചിഹ്നവും ഇരിക്കുന്ന രീതിയിലാണ് ഇത് ഡിസൈൻ ചെയ്തിരിക്കുന്നത്. നാവികസേനയുടെ ഷീൽഡും അവരുടെ ആപ്തവാക്യവും ഇതിൽ ആലേഖനം ചെയ്തിട്ടുണ്ട്. ദേവനാഗരി ലിപിയിലുള്ള ‘ ശം നോ വരുണ:’ എന്നതാണ് നാവികസേനയുടെ ആപ്തവാക്യം. ദേശീയ മുദ്രാവാക്യമായ ‘സത്യമേവ ജയതേ’ എന്ന ആപ്തവാക്യവും പതാകയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
എട്ടു ദിക്കുകളിലേക്കും എത്താനുള്ള നാവികസേനയുടെ ശേഷിയും അവരുടെ പ്രവർത്തന മികവിനേയുമാണ് മുദ്രണത്തിലെ എട്ട് ദിശകൾ അടയാളപ്പെടുത്തുന്നത്. ഛത്രപതി ശിവാജി മഹാരാജിന്റെ രാജമുദ്രയാണ് ഇരട്ട സ്വർണ്ണ അരികുകളോട് കൂടിയ അഷ്ടഭുജാകൃതിയിലുള്ള ചിഹ്നം. ഭാഗ്യം, നിത്യത, നവീകരണം, എല്ലാ ദിശകളിൽ നിന്നും പോസിറ്റീവ് ഊർജ്ജം എന്നിവയാണ് എട്ട് ദിക്കുകളും പ്രതിനിധാനം ചെയ്യുന്നത്. വിക്രാന്തിനൊപ്പം അടിമത്വത്തിന്റെ മറ്റൊരു ചിഹ്നത്തെ കൂടി നാം മാറ്റി.
”നാവിക സേനയ്‌ക്ക് ഇന്ന് മുതൽ പുതിയ പതാകയാണ്. ഛത്രപതി ശിവാജി മഹാരാജിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പുതിയ ചിഹ്നത്തോടെ നാവികസേനയുടെ പതാക തയ്യാറാക്കിയിരിക്കുന്നത്. ഈ പതാക ഇനി ആകാശത്തിൽ പാറും. ഇതുവരെ നാം ഉപയോഗിച്ചിരുന്ന പതാകയിൽ വൈദേശികതയുടെയും അടിമത്വത്തിന്റേയും ചിഹ്നം ഉണ്ടായിരുന്നു. അതെല്ലാം നാം മാറ്റിയിരിക്കുകയാണ്. ഇനി മുതൽ നാവിക സേനയുടെ എല്ലാ കപ്പലുകളിലും നാവിക സേനാ ആസ്ഥാനത്തും ശിവാജിയുടെ ചിഹ്നത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ച ഈ പതാക പാറിപ്പറക്കും. നാവികസേനയുടെ ആത്മവിശ്വാസത്തിനും ആത്മാഭിമാനത്തിനും പുതിയ ഊർജ്ജമാണ് കൈവന്നിരിക്കുന്നത്".
കഴിഞ്ഞ കുറച്ച് വർഷങ്ങളായി വെളുത്ത പതാകയിൽ ഒരു ചുവന്ന കുരിശും ഒരു വശത്തായുള്ള ദേശീയ പതാകയും മധ്യത്തിൽ അശോക സ്തംഭവും ഉൾക്കൊള്ളുന്നത് ആയിരുന്നു നാവിക സേനയുടെ പതാക. പുതിയ പതാകയെ കുറിച്ചുള്ള ഒരു സൂചന പോലും അവസാന നിമിഷം വരെ പുറത്ത് വന്നിരുന്നില്ല. എങ്കിലും കൊളോണിയൽ ഭൂതകാലത്തിന്റെ അവസാനമാകുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. നാവികസേനയുടെ പൈതൃകത്തിന് യോജിച്ച രീതിയിൽ ആയിരിക്കും പുതിയ പതാകയെന്നും സൂചന ഉണ്ടായിരുന്നു. അതുപോലെ തന്നെ സംഭവിച്ചിരിക്കുന്നു.