ഭാരതം തദ്ദേശീയമായി നിർമ്മിച്ച വിമാനവാഹിനി കപ്പലായ ഐഎൻഎസ് വിക്രാന്ത് രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി. കൊച്ചിൻ ഷിപ്പിയാർഡിൽ വെച്ച് നടന്ന ചടങ്ങിലാണ് പ്രതിരോധ സേനയ്‌ക്ക് കൂടുതൽ കരുത്തേകുന്ന കപ്പൽ അദ്ദേഹം സമർപ്പിച്ചത്. ഇന്ത്യ ആദ്യമായി നിർമ്മിച്ച വിമാനവാഹിനി കപ്പൽ കൂടിയാണിത്.
കേരളത്തിന്റെ സമുദ്രതീരം ഭാരത്തിന്റെ പുതിയ സൂര്യോദയത്തിനാണ് സാക്ഷിയായി. വിക്രാന്ത് നമ്മുടെ അഭിമാനമാണ്. ഐഎൻഎസ് വിക്രാന്ത് വെറും ഒരു വിമാനവാഹിനി കപ്പൽ അല്ല പരിശ്രമത്തിന്റെയും പ്രതിബന്ധതയുടെയും പ്രതീകമാണ്. ഓരോ ഭാരതീയന്റെയും അഭിമാനത്തിന്റെ പ്രതീകമാണ്. വെല്ലുവിളി എത്ര ദുഷ്‌കരമാണങ്കിലും അതിജീവിക്കാൻ കഴിയുമെന്നതിന് തെളിവ് കൂടിയാണ് വിക്രാന്ത്.
വിക്രാന്ത് വിശാലമാണ്, വിരാടമാണ്, വിശിഷ്ടമാണ്. വിക്രാന്തിലൂടെ ഭാരതം ലോകത്തിന് മുന്നിലെത്തി. മേക്ക് ഇൻ ഇന്ത്യ മാത്രമല്ല മേക്ക് ഫോർ വേൾഡ് ആണ് ലക്ഷ്യം. സമുദ്ര സുരക്ഷയ്‌ക്ക് ഭാരരത്തിന്റെ ഉത്തരമാണ് വിക്രാന്ത്. ആത്മനിർഭർ ഭാരത് വഴി നാവിക സേനയ്‌ക്ക് മികച്ച നേട്ടം കൈയ്യടക്കാനാകും. വിക്രാന്തിന്റെ പൂർത്തീകരണം ഇതിലേക്കുള്ള ചുവട് വെപ്പാണ്. നാവിക സേനയുടെ പുതിയ പതാകയും പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു. നാവിക സേനയ്‌ക്ക് ലഭിച്ച പുതിയ പതാക അഭിമാന നേട്ടമാണ്.
ഐഎൻഎസ് വിക്രാന്ത് സ്വയം പര്യാപ്തതയുടെ പ്രതീകം കൂടിയാണ്. ഈ വിമാന വാഹിനി രാജ്യത്തിന് മുതൽക്കൂട്ടാകും. നാവിക സേനയുടെ കരുത്ത് വർദ്ധിപ്പിക്കുന്ന, രാജ്യത്തിന് അഭിമാനമായ ഐഎൻഎസ് വിക്രാന്ത് അത്യാധുനിക സൗകര്യങ്ങളോടെ ആണ് സജ്ജീകരിച്ചിരിക്കുന്നത്. വെള്ളത്തിൽ ചലിക്കുന്ന നഗരമെന്നും ഇത് അറിയപ്പെടുന്നു.
ഇന്ത്യയിൽ നിർമ്മിച്ച ഏറ്റവും വലിയ യുദ്ധക്കപ്പലായ ഐഎൻഎസ് വിക്രാന്തിന് 262 മീറ്റർ നീളവും 62 മീറ്റർ വീതിയുമുണ്ട്. റഷ്യൻ പ്ലാറ്റ്ഫോമിൽ നിർമ്മിച്ച ഐഎൻഎസ് വിക്രമാദിത്യയ്‌ക്ക് ശേഷമുള്ള രാജ്യത്തെ രണ്ടാമത്തെ വിമാന വാഹിനിക്കപ്പലാണിത്. 18 നിലകളുള്ള കപ്പലിൽ 1,600 ഓളം ക്രൂവുമുണ്ട്. 16 കിടക്കകളുള്ള സാങ്കേതിക സംവിധാനങ്ങളോട് കൂടിയ ഹോസ്പിറ്റലും ഇതിനകത്ത് സജ്ജീകരിച്ചിട്ടുണ്ട്. രണ്ട് ഫുട്‌ബോൾ ഗ്രൗണ്ടുകളുടെ വലുപ്പമുണ്ട് കപ്പലിന് എന്നാണ് കണക്കുകൂട്ടൽ.
കപ്പലിലെ എയർക്രാഫ്റ്റ് ഹാംഗർ രണ്ട് ഒളിമ്പിക് സൈസ് പൂളുകളോളം വലുതാണ്. മിഗ് ഫൈറ്റർ ജെറ്റുകളും ഹെലികോപ്റ്റുകളുമാകും ആദ്യഘട്ടത്തിൽ കപ്പൽ വഹിക്കുക. പരീക്ഷണങ്ങൾക്ക് ശേഷം കൂടുതൽ യുദ്ധവിമാനങ്ങളെ വഹിക്കും. 44500 ടൺ ഭാരമുണ്ട് കപ്പലിന്.
ഐഎൻഎസ് വിക്രാന്തിന് 1,600 ജീവനക്കാരെയും 30 വിമാനങ്ങളെയും ഉൾപ്പെടുത്താൻ കഴിയും. മണിക്കൂറിൽ 3000 ചപ്പാത്തി ഉണ്ടാക്കാൻ കഴിയുന്ന യന്ത്രങ്ങളാണ് ഇവിടുത്തെ അടുക്കളയിൽ സജ്ജീകരിച്ചിരിക്കുന്നത്. ഒരു ദശാബ്ദത്തിലേറെ സമയമെടുത്ത് നിർമ്മിച്ച ഈ യുദ്ധക്കപ്പലിൽ 16 കിടക്കകളുള്ള ആശുപത്രി, 250 ടാങ്കർ ഇന്ധനങ്ങൾ, 2,400 കമ്പാർട്ടുമെന്റുകൾ എന്നിവയും സജ്ജീകരിച്ചിരിക്കുന്നു. 76 ശതമാനം ഇന്ത്യൻ നിർമ്മിത വസ്തുക്കൾ ഉപയോഗിച്ചാണ് 15 വർഷം കൊണ്ട് കപ്പലിന്റെ നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്.