നേതാജി ഭാരതത്തെ ആധുനികമാക്കാന്‍ ആഗ്രഹിച്ചിരുന്നു.


1947-നു മുമ്പ് ആന്‍ഡമാനെ മോചിപ്പിക്കുകയും ത്രിവര്‍ണ്ണപതാക ഉയര്‍ത്തുകയും ചെയ്ത അഖണ്ഡ ഭാരതത്തിന്റെ ആദ്യ തലവനായിരുന്നു നേതാജി സുഭാഷ് ചന്ദ്രബോസ് എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ചുവപ്പു കോട്ടയില്‍ ത്രിവര്‍ണ്ണപതാക ഉയര്‍ത്തുന്നത് എങ്ങനെയായിരിക്കുമെന്ന് ആ സമയത്ത് അദ്ദേഹം സങ്കല്‍പ്പിച്ചിരുന്നുവെന്നും ഇന്ത്യാ ഗേറ്റില്‍ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമ അനാച്ഛാദനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.

'അടിമത്തകാലത്ത് ബ്രിട്ടീഷ് രാജിന്റെ പ്രതിനിധിയുടെ പ്രതിമയുണ്ടായിരുന്നു. നേതാജിയുടെ പ്രതിമ അതേ സ്ഥലത്ത് സ്ഥാപിച്ചതിലൂടെ രാജ്യം ആധുനികവും ശക്തവുമായ ഒരു ഇന്ത്യയെ ജീവസ്സുറ്റതാക്കുകയും ചെയ്തു'. 'സുഭാഷ് ചന്ദ്രബോസ് പദവിയുടെയും വിഭവങ്ങളുടെയും വെല്ലുവിളികള്‍ക്ക് അതീതനായിരുന്നു. ലോകം മുഴുവന്‍ അദ്ദേഹത്തെ ഒരു നേതാവായി കണക്കാക്കുന്ന തരത്തിലായിരുന്നു അദ്ദേഹത്തിന്റെ സ്വീകാര്യത. അദ്ദേഹത്തിന് ധൈര്യവും ആത്മാഭിമാനവും ഉണ്ടായിരുന്നു. അദ്ദേഹത്തിന് ആശയങ്ങളുണ്ടായിരുന്നു, ദര്‍ശനങ്ങളുണ്ടായിരുന്നു. അദ്ദേഹത്തിന് നേതൃപാടവവും നയങ്ങളും ഉണ്ടായിരുന്നു.' നേതാജിയുടെ മഹത്വം അനുസ്മരിച്ച് പ്രധാനമന്ത്രി പറഞ്ഞു.

നേതാജി ഇന്ത്യയുടെ പൈതൃകത്തില്‍ അഭിമാനിച്ചിരുന്നുവെന്നും അതോടൊപ്പം ഇന്ത്യയെ ആധുനികമാക്കാന്‍ ആഗ്രഹിച്ചിരുന്നതായും പ്രധാനമന്ത്രി പറഞ്ഞു. 'സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ഇന്ത്യ സുഭാഷ് ചന്ദ്രബോസിന്റെ പാത പിന്തുടര്‍ന്നിരുന്നെങ്കില്‍ രാജ്യം ഇന്ന് എത്ര ഉയരങ്ങളില്‍ എത്തുമായിരുന്നു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍, നമ്മുടെ ഈ മഹാനായ നായകന്‍ സ്വാതന്ത്ര്യാനന്തരം വിസ്മരിക്കപ്പെട്ടു. അദ്ദേഹത്തിന്റെ ആശയങ്ങള്‍, അവയുമായി ബന്ധപ്പെട്ട ചിഹ്നങ്ങള്‍ പോലും അവഗണിക്കപ്പെട്ടു'.

നേതാജിയുടെ 125-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് കൊല്‍ക്കത്തയിലെ നേതാജിയുടെ വസതി സന്ദര്‍ശിച്ച അനുഭവവും പ്രധാനമന്ത്രി പങ്കുവെച്ചു. 'നേതാജിയുടെ കാഴ്ചപ്പാടുകളോടെ ഇന്ന് രാജ്യത്തെ നയിക്കേണ്ടത് ഞങ്ങളുടെ കടമയാണ്. 'കര്‍ത്തവ്യ പാത'യിലെ നേതാജിയുടെ പ്രതിമ അതിനുള്ള അവസരമായി മാറും'. കഴിഞ്ഞ എട്ടു വര്‍ഷത്തിനിടയില്‍ നേതാജിയുടെ ആദര്‍ശങ്ങളും സ്വപ്നങ്ങളും കൊണ്ട് മുദ്രണം ചെയ്യപ്പെട്ട ഇത്തരം നിരവധി തീരുമാനങ്ങള്‍ ഒന്നിനു പിറകെ ഒന്നായി നാം കൈക്കൊണ്ടിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.

Post a Comment (0)
Previous Post Next Post