75 വർഷം മുമ്പ് അധികാരത്തിനായി രാജ്യത്തെ വിഭജിച്ചവർ ഇന്ന് ഇന്ത്യയെ ഒരുമിപ്പിക്കാനും ത്രിവർണ്ണ പതാക സംരക്ഷിക്കാനുമിറങ്ങിയത് വിധിയുടെ വിളയാട്ടം. തന്റെ അച്ഛൻ ചിന്നിച്ചിതറി വീണ ശ്രീ പെരുമ്പത്തൂരിന്റെ മണ്ണിൽ ഒന്ന് പോകാനും ഒരുപിടി പൂക്കളർപ്പിക്കാനും 31 വർഷം ധൈര്യമില്ലാതിരുന്നവൻ ഇന്ന് ഇന്ത്യൻ ജനതയെ കേൾക്കാനിറങ്ങിയത് വിരോധാഭാസം.
തന്റെ നേതൃത്വത്തിൽ നേരിട്ട 49 തെരഞ്ഞെടുപ്പുകളിൽ 39 ലും തോറ്റമ്പിയതിൻ്റെ ജാള്യത മറയ്ക്കാൻ ഇന്ത്യയെ കേൾക്കാൻ കാശ്മീർ വരെ പദയാത്ര നടത്താൻ കന്യാകുമാരിയിൽ ചാർട്ടേഡ് ഹെലിക്കോപ്റ്ററിൽ വന്നിറങ്ങിയവന് ഇനിയും ഇന്ത്യൻ ജനതയുടെ നാഡിമിടുപ്പ് മനസ്സിലാവാത്തത്.
ഭാരത യുവതയുടെ ലഹരിയായിരുന്ന നേതാജിയെ ചേർത്ത് നിർത്താതെ വഞ്ചകനെന്ന് മുദ്രകുത്തി സ്വന്തം സിംഹാസനം ഉറപ്പിച്ചവരുടെ പിന്മുറക്കാരൻ വീണ്ടും അധികാരത്തിനായ് ഇന്ത്യയെ ചേർത്തു നിർത്താനിറങ്ങിയത്. ഇന്ത്യൻ ഭരണഘടനയുടെ ശില്പി ഡോ. ബി ആർ അംബേദ്ക്കറെ ചേർത്ത് നിർത്താതെ ചതിക്കുഴികളൊരുക്കി പുകച്ച് പുറത്ത് ചാടിച്ചവരുടെ പിന്മുറക്കാരൻ വീണ്ടും അധികാരത്തിൻ്റെ വഴിതേടി ഇന്ത്യയെ ചേർത്തു നിർത്താനിറങ്ങിയത്.
ചരിത്രത്തിൻ്റെ ആവർത്തനം പോലെ സ്വന്തം പാർട്ടിയിലെ തലമുതിർന്ന 23 നേതാക്കളെ ചേർത്ത് നിർത്താതെ ഒരുത്തനെ അധികാര സിംഹാസനത്തിൽ ഇരുത്താൻ ജനപ്രീതിയുള്ള സർവ്വരേയും പടിയടച്ച് പിണ്ഡം വച്ചവർ വീണ്ടും സിംഹാസനത്തിനായി ഇന്ത്യയെ ചേർത്തു നിർത്താനിറങ്ങിയത്.
സ്വാതന്ത്ര്യാനന്തരം പതിറ്റാണ്ടുകൾ ഇന്ത്യൻ ജനതയെ കാൽക്കീഴിലിട്ട് ഞെരിച്ചവർ.....
അടിമത്വത്തിൻ്റെ അടയാളങ്ങൾ പേറി അഭിമാന പുളകിതരായി വാണവർ....
അധികാരം ഉറപ്പിക്കാൻ ഇന്ത്യൻ ജനതയെ ജാതിയുടെ വാൾമുന കൊണ്ട് പല തവണ വിഭജിച്ചവർ. വൻനഗരങ്ങളിൽ ഇന്ത്യൻ ജനത ഭീകരർക്ക് മുന്നിൽ നിസ്സഹായരായി പൊട്ടിച്ചിതറുമ്പോൾ വസ്ത്രം മാറി രസിച്ച് അവിടങ്ങളിലേക്ക് കേവലം പൊളിറ്റിക്കൽ ടൂറിസം മാത്രം സംഘടിപ്പിച്ചിരുന്നവർ. അധികാരം നഷ്ടപ്പെട്ട അവർ.
കരയിൽ പിടിച്ചിട്ട മീനിനെപ്പോലെ കൈകാലിട്ടടിച്ച്, അധികാരം നേടാൻ അവസാന ശ്രമമെന്ന നിലയിൽ വീണ്ടും ഇന്ത്യൻ ജനതയെ പറ്റിക്കാൻ തെക്ക് വടക്ക് നടക്കാനൊരുങ്ങുമ്പോൾ ഒന്നോർമ്മിപ്പിക്കട്ടെ. നിങ്ങളീപ്പറയുന്ന ഇന്ത്യ തലയുയർത്തി രണ്ട് കാലിൽ നിൽക്കുന്നത് ഇപ്പോഴാണ്.
ഒരുകാലത്ത് നിങ്ങൾ പടിയടച്ച് പിണ്ഡം വച്ച നേതാജിയും, പട്ടേലും, അംബേദ്ക്കറുമെല്ലാം സ്വത്വം വീണ്ടെടുത്തത് ഇപ്പോഴാണ്. ലോക രാഷ്ട്രങ്ങൾക്ക് മുന്നിൽ ഇന്ത്യൻ ജനത പ്രതാപം വീണ്ടെടുത്ത് ഒന്നിച്ചൊന്നായ് സ്വാഭിമാന ബോധത്തോടെ തല ഉയർത്തിപ്പിടിച്ചത് ഇപ്പോഴാണ്. ലോകം തന്നെ അസൂയയോടെ നോക്കി നിൽക്കുന്ന സാമ്പത്തിക ശക്തിയായി, സൈനിക ശക്തിയായി ഞങ്ങൾ മാറാൻ തുടങ്ങിയത് ഇപ്പോഴാണ്. അടിമത്വത്തിൻ്റെ ചിഹ്നങ്ങൾ ഓരോന്നായി ഞങ്ങൾ മനസ്സിൽ നിന്ന് പോലും തൂത്തെറിഞ്ഞ് കരുത്തോടെ മണ്ണിൽ കാലുറപ്പിച്ച് നിന്നത് ഇപ്പോഴാണ്.
സ്വന്തം ബ്രാൻ്റിങ്ങിനായി നിങ്ങൾ തെരുവിൽ ത്രിവർണ്ണ പതാകയെ തരംപോലെ മാറ്റിക്കെട്ടുമ്പോൾ ഞങ്ങൾ ആദ്യമായി സ്വന്തം വീടുകളിൽ കർത്തവ്യ ബോധത്തോടെ ദേശീയ പതാകയെ നെഞ്ചേറ്റിയത് ഇപ്പോഴാണ്. നിങ്ങൾ നിങ്ങളുടെ നഷ്ടപ്പെട്ട കുടുംബ വാഴ്ച തിരികെ പിടിക്കാൻ തെക്ക് വടക്ക് നടന്നോളൂ. കാൽക്കീഴിലെ മണ്ണൊലിപ്പ് ഉരുൾപൊട്ടൽ ആകാതിരിക്കാൻ നിങ്ങൾ തെക്ക് വടക്ക് നടന്നോളൂ. നിങ്ങളുടെ മാർക്കറ്റിങ്ങിനായി പക്ഷെ ഇന്ത്യൻ ജനതയെയും, ത്രിവർണ്ണ പതാകയെയും തെരുവിൽ വലിച്ചിഴക്കരുത്.
അധികാരം സ്വപ്നം കണ്ടോളൂ, അതിനായ് നന്നായി ശ്രമിച്ചോളൂ, തെക്ക് വടക്ക് നടന്നോളൂ, ഒന്നും നടന്നില്ലെങ്കിലും ഇന്ത്യയെ മനസ്സിലാക്കുന്ന കാര്യത്തിലെങ്കിലും ചിലപ്പോൾ രാഹുൽ പാസ്സായാലോ.