ഇന്ന് ജന്മാഷ്ടമി, ശ്രീകൃഷ്ണജയന്തി ആശംസകൾ.


ധർമ്മ സംസ്ഥാപനത്തിനായി ഭൂമിയിൽ പിറന്ന പൂർണാവതാരമാണ് ഭഗവാൻ ശ്രീകൃഷ്ണൻ. കാരാഗൃഹത്തിൽ കിടന്ന പെറ്റമ്മയുടെ അടിമച്ചങ്ങല അഴിച്ചു മാറ്റിക്കൊണ്ട് ആരംഭിച്ച ആ ജീവിതം തന്റെ വംശത്തെയും, രാഷ്ട്രത്തെയും ആത്മ നിർഭരതയിലേക്ക് ഉയർത്തി. വിശ്വത്തോളം വളർന്ന ആ വൈഭവത്തെ ലോകം അദ്ഭുത ആദര ഭക്തിയോടെ പ്രണമിക്കുന്നു. 

സ്വഃധർമ്മേ നിധനം ശ്രേയ: പരധർമ്മോ ഭയാവഹ:

എന്ന ഗീതാ സന്ദേശമാണ് നമ്മുടെ സ്വാതന്ത്ര്യ സമരത്തെ നയിച്ചത്. സ്വഃധർമ്മാ ചരണത്തിലൂടെ സ്വത്വം വീണ്ടെടുക്കാനുള്ള പ്രതിജ്ഞയാണ് ഈ വർഷത്തെ സന്ദേശം. നമ്മെ നാമാക്കി നിലനിർത്തുന്ന അടിസ്ഥാനമൂലകങ്ങൾ നഷ്ടപ്പെട്ടു കൂടാ. മാതൃഭാഷയും മാതൃദേശവും മാതാവിനു തുല്യമാണ്. നാട്ടു പാരമ്പര്യമനുസരിച്ചുള്ള ജീവിതശൈലി തിരിച്ചെടുക്കണം. വേഷം, ഭാഷ, ഭക്ഷണം, പെരുമാറ്റം ഇവയിലെ ഭാരതീയത തിരിച്ചറിയണം. 

കേരളത്തെ കണ്ണന്റെ കളിത്തൊട്ടിലാക്കുന്ന മഹാശോഭായാത്രകളൊരുക്കി ബാലഗോകുലം ശ്രീകൃഷ്ണജയന്തി ബാലദിനമായി ആഘോഷിക്കുന്നു. ഓരോ ഉണ്ണിയും കണ്ണനായി വളരണമെന്നുള്ള ഭവ്യമായ സങ്കല്പമാണ് ശോഭായാത്രയ്ക്കുള്ളത്. 

"ഓരോ വീട്ടിലുമിന്നൊരു മേഘ ശ്യാമളനുണ്ണി പിറക്കുന്നു"

"പഞ്ഞക്കെടുതിയിൽ പോലും പാതയിൽ പാട്ടും ഭജനയുമാഘോഷം"

എന്നു മഹാകവി വൈലോപ്പിള്ളി പാടിയ ശോഭായാത്രയുടെ ശക്തിയും സൗന്ദര്യവും ഒരിക്കൽക്കൂടി സാക്ഷാത്കരിക്കാൻ നമുക്കൊരുമിച്ചു ചേരാം.

"കൃഷ്ണം വന്ദേ ജഗദ്ഗുരും".

Post a Comment (0)
Previous Post Next Post