ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിലുളള ആകെ ആസ്തിയുടെ കണക്കുകൾ പുറത്ത്. പ്രധാനമന്ത്രിക്ക് സ്വന്തമായി കാറോ ഭൂമിയോ ഇല്ലെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് വെബ്‌സൈറ്റിൽ പറയുന്നത്. ആകെയുളള ഭൂമിയും അദ്ദേഹം ദാനം ചെയ്തുകഴിഞ്ഞു. 2021 മാർച്ച് 31 വരെയുള്ള കണക്കുകൾ പ്രകാരം 1.1 കോടി രൂപ വിലമതിക്കുന്ന സ്ഥാവരവസ്തുക്കൾ മോദിക്ക് ഉണ്ടായിരുന്നു. എന്നാൽ ഗാന്ധിനഗറിലെ അദ്ദേഹത്തിന്റെ ഭൂമി കൂടി ദാനം ചെയ്തതോടെ നിലവില് സ്ഥാവര വസ്തുക്കളൊന്നും തന്നെയില്ല. 2002 ഒക്ടോബറിൽ ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കെ, മൂന്ന് പേർക്ക് തുല്യ ഓഹരിയുള്ള ഒരു റെസിഡൻഷ്യൽ പ്ലോട്ട് അദ്ദേഹം വാങ്ങിയിരുന്നു. അത് പിന്നീട് ദാനം ചെയ്യുകയായിരുന്നു.
ഒരു ബോണ്ടിലോ, ഷെയറിലോ, മ്യൂച്വൽ ഫണ്ടിലോ മോദിക്ക് നിക്ഷേപമില്ല. ആകെയുളളത് നാല് സ്വർണ മോതിരങ്ങൾ മാത്രമാണ്. 2022 മാർച്ച് 31-ലെ കണക്ക് പ്രകാരം പ്രധാനമന്ത്രിയുടെ കൈയിലുള്ളത് 35,250 രൂപയാണ്. അദ്ദേഹത്തിന്റെ പോസ്റ്റ് ഓഫീസിലുള്ള നാഷണൽ സേവിംഗ്‌സ് സർട്ടിഫിക്കറ്റുകൾക്ക് 9,05,105 രൂപയുടെ മൂല്യമുണ്ട്. 1,89,305 രൂപ മൂല്യമുള്ള ലൈഫ് ഇൻഷുറൻസ് പോളിസികളും ഉണ്ട്. ഇതുൾപ്പെടെ 2.23 കോടി രൂപയാണ് അദ്ദേഹത്തിന്റെ ആകെ ആസ്തിമൂല്യമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വെബ്‌സൈറ്റിൽ പറയുന്നു.