ശരീര സൗന്ദര്യ വർദ്ധക വസ്തുക്കളിലും ഔഷധങ്ങളിലുമെല്ലാം സ്ഥിര സാന്നിദ്ധ്യമാണ് കറ്റാർവാഴ. ഈ കുഞ്ഞിച്ചെടി നമുക്കെല്ലാവർക്കും സുപരിചിതമാണ്. പോഷകസമ്പുഷ്ടമായതും ഏറെ ഗുണങ്ങൾ നിറഞ്ഞതുമാണ് കറ്റാർവാഴയുടെ ഉള്ളിലെ കാമ്പ്. ജ്യൂസിന്റെ രൂപത്തിലും ഷെയ്‌ക്ക് ആയുമെല്ലാം കറ്റാർവാഴയുടെ ജ്യൂസ് ഉപയോഗിക്കാം.
വണ്ണം കുറക്കാൻ കഷ്ടപ്പെട്ടു നടക്കുന്നവർക്കുള്ള ഒരു ഉത്തമ ഉപാധിയാണ് ഇത്. എല്ലാ ദിവസവും കറ്റാർവാഴ ഉപയോഗിച്ച് ഉണ്ടാക്കാൻ സാധിക്കുന്ന ചില പാനീയങ്ങൾ പരിചയപ്പെടാം.
1. കറ്റാർവാഴയുടെയും നാരങ്ങയുടെയും ജ്യൂസ് എടുത്ത് എല്ലാ ദിവസവും രാവിലെ വെറും വയറ്റിൽ കുടിക്കുന്നത് വളരെ നല്ലതാണ്. ശരീരത്തെ ആകെ ഇത് ശുദ്ധീകരിക്കുന്നു. ജ്യൂസ് എങ്ങിനെയാണ് തയാറാക്കുന്നതെന്ന് നോക്കാം.
ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു നാരങ്ങയുടെ നീര് പിഴിഞ്ഞൊഴിക്കുക. ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ കറ്റാർവാഴയുടെ ജെൽ ചേർക്കുക. അതിനു ശേഷം ഈ മിശ്രിതം പാനിൽ വച്ച് ചൂടാക്കുക. ജെൽ പൂർണമായും അലിഞ്ഞ് ചേരുന്നത് വരെ ഇത് തുടരണം. ഇതിലേക്ക് ഒരു സ്പൂൺ തേനും ചേർത്ത് ഉപയോഗിക്കാവുന്നതാണ്.
2. ഉച്ചയ്‌ക്കു മുൻപ് പറ്റിയ ഒന്നാണ് കറ്റാർവാഴയുടെയും ജിഞ്ചർ ടീയുടെയും മിശ്രിതം. ഗുണങ്ങളുടെ ഒരു കലവറയാണ് ഇഞ്ചി. അതിനോടൊപ്പം കറ്റാർവാഴ കൂടി ചേരുമ്പോൾ എന്തുകൊണ്ടും മികച്ചൊരു പാനീയമായി ഇത് മാറുന്നു. ശരീരത്തിലെ അനാവശ്യമായ ഫാറ്റ് ഇത് ഒഴിവാക്കുന്നു. വളരെ എളുപ്പത്തിൽ തയാറാക്കാൻ സാധിക്കുന്ന ഒന്നാണിത്.
ഒരു ടേബിൾ സ്പൂൺ നിറയെ ഇഞ്ചി എടുക്കുക. ഇതിലേക്ക് ഒരു ടീസ്പൂൺ നിറയെ കറ്റാർ വാഴ ജ്യൂസ് ചേർക്കുക. ഒരു കപ്പ് വെള്ളത്തിലേക്ക് ഈ മിശ്രിതം ചേർക്കുക. അതിനുശേഷം ഇത് തിളക്കാൻ അനുവദിക്കുക. ജെൽ അലിഞ്ഞു ചേർന്ന് വെള്ളം നന്നായി തിളക്കുമ്പോൾ അൽപം തേയിലപ്പൊടി ചേർക്കുക. തിളച്ച് 10 മിനിട്ട് തണുക്കാൻ അനുവദിക്കുക.
3. പൈനാപ്പിൾ, കുക്കുമ്പർ കറ്റാർവാഴ ജ്യൂസ് പേരു പോലെ തന്നെ രുചിയിലും കേമനാണിത്. ഉച്ചയ്‌ക്ക് ഭക്ഷണമൊക്കെ കഴിഞ്ഞ് ഒരു ജ്യൂസ് കുടിക്കണമെന്നു തോന്നുമ്പോൾ ഇത് പരീക്ഷിക്കാം. ദഹനം മെച്ചപ്പെടുത്താനും ശരീരം ശുദ്ധീകരിക്കാനും വളരെ നല്ലതാണ് പൈനാപ്പിൾ. വെള്ളരിക്കയിൽ ധാരാളമായി ഫൈബർ അടങ്ങിയിട്ടുണ്ട്.
ജ്യൂസ് ഉണ്ടാക്കാൻ വേണ്ടുന്ന സാധനങ്ങൾ എന്തൊക്കെയാണെന്ന് പേരു കേൾക്കുമ്പോൾ തന്നെ നമുക്ക് മനസിലാകും. ഒരു ചെറിയ കഷണം പൈനാപ്പിൾ, ഒരു ടേബിൾ സ്പൂൺ കറ്റാർവാഴ ജെൽ, പിന്നെ ഒരു പകുതി വെള്ളരിക്ക. ഇതെല്ലാം കൂടി ഒരു ബ്ലെൻഡറിനുള്ളിലേക്ക് ഇടുക. നന്നായി അരച്ചെടുത്ത് ഉപയോഗിക്കാവുന്നതാണ്.
4. ഇനി ഒരു കറ്റാർവാഴ കൊണ്ട് ഉണ്ടാക്കാൻ പറ്റുന്ന ഒരു സ്മൂത്തി പരിചയപ്പെടാം. ഓറഞ്ച്, സ്ട്രോബറി, കറ്റാർവാഴ സ്മൂത്തി. കുട്ടികൾക്കും ഏറെ ഇഷ്ടപ്പെടുന്ന ഒന്നായിരിക്കും ഇത്. കലോറി തീരെ കുറഞ്ഞതും പ്രമേഹരോഗികൾക്കും യാതൊരു ടെൻഷനും കൂടാതെ ഉപയോഗിക്കാൻ പറ്റുന്നതാണ് സ്ട്രോബറി. ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട് സ്ട്രോബറിയിൽ. വണ്ണം കുറയാൻ ഒരു ഉത്തമ ഉപാധി ആയിരിക്കും ഇത്.
സ്മൂത്തി ഉണ്ടാക്കാൻ ആദ്യം കുറച്ച് ഓറഞ്ച് പിഴിഞ്ഞ് ജ്യൂസ് എടുക്കുക. ഇതിലേക്ക് മൂന്ന് നാല് സ്ട്രോബറി ചേർക്കുക. ഇതിനുള്ളിലേക്ക് ഒരു ടേബിൾ സ്പൂൺ നിറയെ കറ്റാർവാഴ ജെൽ കൂടി ചേർത്ത് ബ്ലെൻഡറിൽ നന്നായി അടിച്ചെടുത്ത് ഉപയോഗിക്കാം.