ഹൈന്ദവ ആചാരമായ ഓണം ആഘോഷിക്കപ്പെടുന്നത് വാമന അവതാരത്തിൻ്റെ പിറന്നാൾ ദിനമാണ് തിരുവോണം നക്ഷത്രം എന്നതിനാലാണ്. ഭഗവാൻ്റെ പിറന്നാളിന് ആരെങ്കിലും മാംസം വിളമ്പുമോ? അതും, ഗുരുവായൂരപ്പനേയും, പത്മനാഭ സ്വാമിയേയുമൊക്കെ കൺകണ്ട ദൈവങ്ങളായി കാണുന്ന കേരളീയർ.
ഓണമെന്നല്ല, ഹിന്ദുമതം തന്നെ വെജിറ്റേറിയനിസം പിന്തുടരാൻ ഉത്ഘോഷിക്കുന്ന മതമാണ്. തമിഴ് സിദ്ധപ്പാട്ടുകളിലൊക്കെ ആത്മീയ പുരോഗതിയ്ക്ക് മാംസാഹാരം വർജ്ജിക്കേണ്ടതിൻ്റെ ആവശ്യകത വിവരിക്കുന്നുണ്ട്. നമ്മുടെ ശ്രീനാരായണ ഗുരുദേവൻ്റെ കൃതികളും ഇത് ആണയിട്ടു പറയുന്നുണ്ട്.
ഭാരതത്തിലെ ഏറ്റവും പഴക്കം ചെന്ന ഹൈന്ദവ സംസ്ക്കാരം തമിഴൻ്റേതാണ്. മുഗുളന്മാരുടെ 'ബിരിയാണി വിപ്ലവ'ത്തിന് കീഴടങ്ങാതിരുന്ന സംസ്ഥാനവും തമിഴ്നാട് തന്നെയെന്നു പറയാം. അതിൻ്റെ കാരണം തമിഴ്നാട്ടിൽ പരക്കെ നിലനിന്നിരുന്നത്, ഇന്നും നിലനിൽക്കുന്നത് സനാതന ഹിന്ദുത്വത്തിലെ ആദിമതമായ ശൈവമാണ്.
മാംസാഹാരം കഴിക്കുന്നവനെ ശൈവനായിപ്പോലും ആ ജനത പരിഗണിച്ചില്ല. മാംസാഹാരി അവർക്ക് അശൈവനാണ്. വെജിറ്റേറിയനേയും, നോൺ- വെജിറ്റേറിയനേയും സൂചിപ്പിക്കാൻ തമിഴിൽ ശൈവം- അശൈവം എന്ന വാക്കുകൾ പിറവി കൊണ്ടതു തന്നെ ഇങ്ങനെയാണ്.
രാമനും, കൃഷ്ണനുമൊക്കെ മാംസം കഴിച്ചിരുന്നു എന്നത് സ്വന്തം നാവിനെ നിയന്ത്രിക്കാൻ അറിയാത്തവരുടെ ജല്പ്പനം മാത്രമാവാനേ തരമുള്ളൂ. കാരണം, രാമേശ്വരനെ പ്രതിഷ്ഠിച്ച രാമനും, അർജ്ജുനനെക്കൊണ്ട് ശിവപൂജ ചെയ്യിപ്പിച്ച കൃഷ്ണനും കറകളഞ്ഞ ശിവ ഉപാസകരായിരുന്നു.
ജോസഫും, ജാഫറും ഓണത്തിന് മാംസം തിന്നോട്ടെ. ഞാൻ ഹിന്ദുവാണ് എൻ്റെ ഓണസദ്യയിൽ മാംസമുണ്ടാവില്ലെന്ന് പറയാനുള്ള തൻ്റേടം വീണ്ടെടുക്കാൻ ഏതൊരു ഹൈന്ദവനും സാധിക്കട്ടെ. കപട മതേതരത്വത്തിൻ്റെ പേരിൽ സെമറ്റിക് മതങ്ങൾക്ക് അടിയറവു വെച്ച സ്വഃസംസ്ക്കാരങ്ങളെ നമ്മുടെ തലമുറയെങ്കിലും വീണ്ടെടുക്കണം.