'അന്യഗ്രഹ ജീവിയെ നേരിട്ടു കണ്ടു, പറക്കും തളിക കണ്ടു' എന്നൊക്കെ പലരും പറയാറുണ്ട്. പക്ഷേ തെളിവൊന്നും കിട്ടാറില്ല. അമ്പത്തിയേഴ് വർഷങ്ങൾക്ക് മുമ്പ് ഹാരോൾഡ് ട്രഡൽ എന്ന അമേരിക്കകാരൻ പറക്കും തളികയുടെ ഫോട്ടോയെടുക്കാൻ തീരുമാനിച്ചു. അതിനായി അദ്ദേഹം പല യാത്രകൾ നടത്തി. അന്യഗ്രഹ പേടകങ്ങൾ വരാറുണ്ട് എന്നു പറയപ്പെടുന്ന പല സ്ഥലങ്ങളിലും ഹാരോൾഡ് കാത്തു നിന്നു. പക്ഷേ അദ്ദേഹത്തിന് നേരിൽ കാണുവാൻ സാധിച്ചില്ല.
ഒടുവിൽ 1967-ൽ അമേരിക്കയിലെ റോഡ് ഐലൻറിൽ അദ്ദേഹം എത്തി. പലരും പറക്കും തളികകൾ കണ്ടിട്ടുള്ള സ്ഥലമാണ് റോഡ് ഐലൻറ്. വിജനമായ ആ സ്ഥലത്ത് കൂടാരമൊരുക്കി താമസം തുടങ്ങി. ഒരു ദിവസം വൈകുന്നേരം വിചിത്രമായ ഒരു ശബ്ദം കേട്ട് കൂടാരത്തിന് പുറത്തിറങ്ങിയ ഹാരോൾഡ് ട്രഡൽ ഞെട്ടി..! അതാ കൺമുന്നിൽ ഒരു പറക്കും തളിക! പിന്നെ വൈകിയില്ല. ആ കാഴ്ച അദ്ദേഹം ക്യാമറയിൽ പകർത്തി.
ആ പേടകത്തിന്റെ ഏഴു ഫോട്ടോകൾ ഹാരോൾഡ് എടുത്തു. ഇത്ര വ്യക്തമായി ആരും പറക്കും തളികയുടെ ഫോട്ടോ എടുത്തട്ടില്ല! അത് കൊണ്ടു തന്നെ ഈ ഫോട്ടോകൾ വലിയ വാർത്തയായി. അന്യഗ്രഹ ജീവികൾ ഉണ്ടെന്നും അവർ ഭൂമിയിൽ വരാറുണ്ടെന്നും വിശ്വസിക്കുന്നവർ ആർത്തു വിളിച്ചു. "കണ്ടില്ലേ, ഇതാ പറക്കും തളികകൾ ഉണ്ടെന്ന് തെളിഞ്ഞിരിക്കുന്നു". മറ്റുചിലർ പറഞ്ഞു "ഈ ഫോട്ടോകൾ വെറും തട്ടിപ്പാണ്. ഹാരോൾഡ് ട്രഡൽ എന്തോ സൂത്രപ്പണികൊണ്ട് ഉണ്ടാക്കിയ തട്ടിപ്പു പടങ്ങളാണിതെന്ന് പറയുന്നത്".
ഒരു പക്ഷേ ഈ ഇന്റെർനെറ്റ് കാലഘട്ടത്തിൽ ഡിജിറ്റൽ ക്യാമറ വഴിയാണ് ഇത് എടുത്തിരുന്നുവെങ്കിൽ വി.എഫ്.എക്സ് എഡിറ്റിംഗ് എന്ന് പറഞ്ഞു നമുക്ക് ഇത് തള്ളി കളയാമായിരുന്നു. പക്ഷേ ഹാരോൾഡ് ട്രഡലിന്റെ ഫോട്ടോകൾ ലോകം കണ്ടിട്ട് അമ്പത്തിയേഴ് വർഷങ്ങൾ ആകാറായി. ഇന്നും ആ തർക്കം തുടരുകയാണ്, ഈ ഫോട്ടോകളിൽ കാണുന്ന പേടകം നേരോ അതോ നുണയോ?