അൽ-ഖ്വയ്ദ തലവനും കൊടുംഭീകരനുമായ അയ്മൻ അൽ-സവാഹിരിയെ വധിച്ചുവെന്ന് സ്ഥിരീകരിച്ച് അമേരിക്ക. ശനിയാഴ്ച നടന്ന ഡ്രോൺ ആക്രമണത്തിൽ സവാഹരിയെ വകവരുത്തിയതായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചു. "എത്രകാലമെടുത്താലും നീതി ലഭിക്കുക തന്നെ ചെയ്യും. നിങ്ങൾ എവിടെ ഒളിച്ചിരിക്കുന്നു എന്നതിൽ കാര്യമില്ല. നിങ്ങൾ ജനങ്ങൾക്ക് ഭീഷണിയാണെങ്കിൽ അമേരിക്ക നിങ്ങളെ കണ്ടെത്തുകയും പുറത്തെടുത്ത് കളയുകയും ചെയ്യും.” ബൈഡൻ പറഞ്ഞു.
അഫ്ഗാനിൽ സുരക്ഷിതമായി ഒളിച്ചുതാമസിച്ചിരുന്ന ഭീകരന്റെ വസതിയിലേക്ക് അമേരിക്കൻ പട്ടാളമയച്ച ഡ്രോണിൽ നിന്നും രണ്ട് മിസൈലുകൾ തൊടുത്തുവിട്ട് സവാഹിരിയെ വധിച്ചു. എന്നാൽ മിസൈലാക്രമണം നടന്ന വസതിയുടെ ദൃശ്യങ്ങൾ ഇതിനിടെ പുറത്തുവന്നെങ്കിലും അവിടെയൊരു സ്‌ഫോടനം നടന്നതായി കാണാതിരുന്നത് കാഴ്ചക്കാരെ ആശയക്കുഴപ്പത്തിൽ ആക്കിയിരുന്നു. വാതിലുകൾക്കും ജനലുകൾക്കും ചെറിയ പോറലുകൾ ഉണ്ടെങ്കിലും രണ്ട് മിസൈലുകൾ അവിടെ വന്ന് പതിച്ചുവെന്നത് അവിശ്വസനീയമായി തോന്നാം.
അമേരിക്കയുടെ ഓപ്പറേഷനിൽ ഒരു സാധാരണക്കാരന് പോലും പരിക്കേറ്റിട്ടില്ലെന്ന് ഇതിനിടെ ബൈഡൻ വ്യക്തമാക്കുകയും ചെയ്തു. അതിനാൽ ഈ മിസൈൽ ആക്രമണം വിരൽ ചൂണ്ടുന്നത് യുഎസിന്റെ ഭീമാകാരമായ ആയുധം ‘ഹെൽഫയർ R9X’ ലേക്കാണ്. റേസറിന് സമാനമായ ആറ് ബ്ലേഡുകൾ അടങ്ങുന്ന ഈ മിസൈൽ പൊട്ടിത്തെറിക്കാതെ, ടാർഗെറ്റിനെ അരിഞ്ഞുതള്ളുകയാണ് ചെയ്യുക. ഇതിന് മുമ്പും അമേരിക്കൻ ഏജൻസികൾ കൊടുംഭീകരരെ വധിക്കാൻ ഇതേ രീതിയിൽ മിസൈലാക്രമണം പ്രയോഗിച്ചിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. 2017 മാർച്ചിൽ സിറിയയിൽ കാറിലൂടെ യാത്ര ചെയ്യുകയായിരുന്ന അൽ-ഖ്വായ്ദയുടെ മുതിർന്ന നേതാവ് അബു അൽ-ഖയർ അൽ-മസ്രിയെ ഡ്രോൺ ആക്രമണത്തിൽ കൊലപ്പെടുത്തിയതും ഇപ്രകാരമായിരുന്നുവെന്നാണ് വിവരം.
ആക്രമിക്കപ്പെട്ട കാറിന്റെ ചിത്രങ്ങൾ അന്ന് പുറത്തുവന്നിരുന്നു. കാറിന്റെ റൂഫിൽ വലിയ ദ്വാരം മാത്രമാണ് കാണാൻ കഴിഞ്ഞിരുന്നത്. വാഹനത്തിനുള്ളിലെ സകല വസ്തുക്കളും കീറിമുറിച്ച വിധത്തിലുമായിരുന്നു. അതേസമയം കാറിന്റെ മുൻഭാഗവും പിൻഭാഗവും യാതൊരു കേടുപാടുകളും കൂടാതെ കാണപ്പെടുകയും ചെയ്തു. അതിന് മുമ്പ് വരെ ഹെൽഫയർ മിസൈലുകൾ ഏറെ നാശനഷ്ടങ്ങൾക്ക് ഇടവരുത്തിയിരുന്നു. മിസൈലാക്രമണം നടക്കുന്ന സ്ഥലത്ത് ശക്തമായ സ്‌ഫോടനവുമുണ്ടാകും. എന്നാൽ അബു അൽ-ഖയറിന്റെ വധത്തോടെ ഹെൽഫയർ മിസൈലുകളുടെ ആക്രമണ രീതിയിൽ മാറ്റം വരികയായിരുന്നു.
‘നിഞ്ച ബോംബ്’ എന്നും വിളിക്കപ്പെടുന്ന ഈ മിസൈൽ സാധാരണക്കാർക്ക് സംഭവിക്കുന്ന അപകടങ്ങളെ ഒഴിവാക്കി കൊടുംഭീകരരെ വധിക്കുന്നതിനുള്ള യുഎസിന്റെ ആയുധമായി മാറിയിരിക്കുന്നു. പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് പ്രകാരം സവാഹിരിയുടെ വധവും ഇപ്രകാരമാണ് അമേരിക്ക നടപ്പിലാക്കിയത്. ജൂലൈ 31-ന് രാവിലെ കാബൂളിലെ തന്റെ വസതിയിൽ ബാൽക്കണിയിൽ നിൽക്കുകയായിരുന്ന സവാഹിരിയെ യുഎസിന്റെ ഡ്രോണിൽ നിന്ന് തൊടുത്തുവിട്ട രണ്ട് ഹെൽഫയറുകൾ ഇല്ലാതാക്കിയെന്നാണ് അധികൃതർ മാദ്ധ്യമങ്ങളെ അറിയിച്ചത്. സവാഹിരിയുടെ കുടുംബാംഗങ്ങൾ വീട്ടിൽ ഉണ്ടായിരുന്നുവെന്നും എന്നാൽ അവരെ മനഃപൂർവ്വം ടാർഗെറ്റിൽ നിന്നും ഒഴിവാക്കിയിരുന്നതായും യുഎസ് വ്യക്തമാക്കിയിട്ടുണ്ട്.
